അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (20:34 IST)
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെമി ഫൈനല്‍ ഉറപ്പിച്ചെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്നുള്ള മുംബൈ നായകന്‍ അജിങ്ക്യ രഹാനെയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം സാധ്യതകളില്‍ നിന്നും ഒഴിവാക്കപ്പെട്ട അജിങ്ക്യ രാഹാനെയ്ക്ക് ടീമില്‍ തിരിച്ചെത്തണമെങ്കില്‍ ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം നടത്തേണ്ടത് നിര്‍ണായകമായിരുന്നു. എന്നാല്‍ ഈ രഞ്ജി സീസണില്‍ ആകെ 115 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്. അതില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായപ്പോള്‍ ഒരേയൊരു അര്‍ധസെഞ്ചുറി പ്രകടനം മാത്രമാണ് എടുത്തുപറയാനുള്ളത്.
0,0,16,8,9,1,56*,22,3,0 എന്നിങ്ങനെയാണ് ഈ രഞ്ജി സീസണിലെ രഹാനെയുടെ പ്രകടനം. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച രഹാനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയും ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരായ മോശം പ്രകടനത്തോടെ രഹാനെയുടെ സ്ഥാനം തെറിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ നടക്കുന്ന രഞ്ജി സീസണില്‍ അതിനാല്‍ ഫോം തെളിയിക്കേണ്ടത് രഹാനെയുടെ കരിയറിന് നിര്‍ണായകമായിരുന്നു. മധ്യനിരയില്‍ കോലിയും കെ എല്‍ രാഹുലും ഇല്ലാത്ത സാഹചര്യത്തില്‍ ടീമിലെത്താന്‍ വെറ്ററന്‍ താരത്തിന് സുവര്‍ണാവസരമാണ് ലഭിച്ചതെങ്കിലും ഇക്കുറി അത് മുതലെടുക്കാനായില്ല. സര്‍ഫറാസ് ഖാന്‍,ധ്രുവ് ജുറല്‍ എന്നിവര്‍ മികച്ച പ്രകടനം കൂടി കാഴ്ചവെച്ചതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് രഹാനെ തിരിച്ചെത്താനുള്ള സാധ്യതകളെല്ലാം തന്നെ അടഞ്ഞിരിക്കുകയാണ്.