ഇനി സഞ്ജുവില്ലെങ്കിലും ഇന്ത്യയ്ക്ക് ഐസിസി കിരീടം നേടാം, മലയാളി താരത്തെ അസിസ്റ്റന്റ് കോച്ചാക്കാന്‍ ഒരുങ്ങി ബിസിസിഐ

Abhishek Nair
അഭിറാം മനോഹർ| Last Updated: ബുധന്‍, 10 ജൂലൈ 2024 (14:49 IST)
Abhishek Nair
ഇക്കഴിഞ്ഞ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ സഞ്ജു സാംസണ്‍ നേരിട്ട ഒരു ചോദ്യം എല്ലാ തവണയും ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോഴും മലയാളി ടീമില്‍ ഉണ്ടായിരുന്നു അതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നതായിരുന്നു. അതില്‍ സത്യം എന്തെങ്കിലും കാണും അതല്ലെ നമുക്ക് അനുഭവം എന്നായിരുന്നു സഞ്ജു അതിന് നല്‍കിയ മറുപടി. ഇപ്പോഴിതാ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകുമ്പോള്‍ ഇന്ത്യന്‍ സംഘത്തില്‍ ഒരു മലയാളി സാന്നിധ്യം ഉറപ്പായിരിക്കുകയാണ്.


ഇന്ത്യന്‍ ടീമിലെ കളിക്കാരന്‍ എന്ന നിലയിലല്ല പകരം പരിശീലകസംഘത്തിലാണ് ഒരു മലയാളി എത്തിച്ചേരുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായിരുന്ന അഭിഷേക് നായരിനെയാണ് ഇന്ത്യ ഗംഭീറിന്റെ സഹപരിശീലകനായി നിയമിക്കാന്‍ ഒരുങ്ങുന്നത്. അഭിഷേക് നായരെ കൂടാതെ മുന്‍ ഇന്ത്യന്‍ പേസര്‍ വിനയ് കുമാറിനെ ബൗളിംഗ് പരിശീലകനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതോടെ ദ്രാവിഡിന്റെ സംഘത്തില്‍ ഉണ്ടായിരുന്ന ബോളിംഗ് കോച്ച് പരാസ് മാംബ്രെ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ എന്നിവര്‍ പുറത്താകും. നിലവിലെ ഫീല്‍ഡിംഗ് കോച്ചായ ടി ദിലീപ് മാത്രമാകും ഗംഭീറിന്റെ കോച്ചിംഗ് സംഘത്തിനൊപ്പം തുടരുക. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള അഭിഷേക് നായര്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അക്കാദമിയുടെ ഡയറക്റ്ററും സഹപരിശീലകനുമാണ്. 2009ലാണ് താരം ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. 2018 മുതല്‍ അഭിഷേക് കൊല്‍ക്കത്തയുടെ പരിശീലസംഘത്തിലുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :