അഭിറാം മനോഹർ|
Last Modified വെള്ളി, 29 നവംബര്‍ 2019 (18:29 IST)
ഒരു ഓവറിലെ ആറ് പന്തുകളിൽ നിന്നും വെറും 2 റൺസ് വിട്ടുകൊടുത്തുകൊണ്ട് അഞ്ച് വിക്കറ്റുകൾ. പറയുന്നത് നാട്ടിൻപുറത്ത് കുട്ടികൾ തമ്മിൽ കളിക്കുന്ന ക്രിക്കറ്റ് മത്സരത്തിലെ വല്ല കാര്യമാകുമെന്നാണ് നിങ്ങൾ വിചാരിച്ചതെങ്കിൽ തെറ്റി.
സ്കൂൾ ക്രിക്കറ്റിൽ പോലും ഒരു ബൗളർക്ക് അസാധ്യമെന്ന് കരുതപ്പെട്ടിരിക്കുന്ന നേട്ടം കുറിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യയുടെ അഭ്യന്തരമത്സരങ്ങളിൽ പ്രശസ്തമായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ്. ആരെയും കൊതിപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയതാവട്ടെ മുൻ ഇന്ത്യൻ താരം കൂടിയായ കർണാടകയുടെ അഭിമന്യു മിഥുൻ.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനെക്കെതിരായ
സെമിഫൈനൽ പോരാട്ടത്തിലാണ് ക്രിക്കറ്റ് ലോകത്തെ മൊത്തം അമ്പരപ്പിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം കൂടിയായ മുപ്പതുകാരൻ ഹാട്രിക്കടക്കം അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിലെ ഇരുപതാം ഓവറിലെ തുടർച്ചയായ നാല് പന്തിൽ വിക്കറ്റ് കണ്ടെത്തിയ മിഥുൻ ഒരു പന്തിന്റെ ഇടവേളയിൽ അഞ്ചാം വിക്കറ്റും സ്വന്തമാക്കി. നിശ്ചിത 20 ഓവർ മത്സരത്തിൽ മിഥുൻ നാല് ഓവറുകളിൽ നിന്നായി 39 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് താരം മത്സരത്തിൽ വീഴ്ത്തിയത്. ഇതോടെ മത്സരത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ ഹരിയാന നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 194 റൺസിലൊതുങ്ങി.
മത്സരത്തിലെ അവസാന ഓവറിലെ അത്യുഗ്രൻ പ്രകടനത്തോടെ നിരവധി നേട്ടങ്ങളാണ് മുൻ ഇന്ത്യൻ താരം സ്വന്തമാക്കിയിരിക്കുന്നത്. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളിൽ ആദ്യമായി ഹാട്രിക്ക് കണ്ടെത്തുന്ന ബൗളർ എന്ന റെക്കോഡാണ് ഇതിൽ ഏറ്റവും വിലയേറിയത്.
19മത് ഓവർ ആരംബിക്കുമ്പോൾ വെറും 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെന്ന നിലയിലായിരുന്നു ഹരിയാന. മൂന്ന് ഓവറിൽ 37 റൺസ് വഴങ്ങി അഭിമന്യു ബൗൾ ചെയ്യാനെത്തുമ്പോൾ തകർത്തടിച്ചുകൊണ്ടിരുന്ന ഹിമാൻഷു റാണയും രാഹുൽ തെവാട്ടിയയുമാണ് ക്രീസിൽ ഉണ്ടായിരുന്നത്. തകർത്തടിച്ചു മുന്നേറിയിരുന്ന സഖ്യം അവസാന ഓവറിൽ റണ്മഴ തീർക്കുമെന്ന്
കരുതിയിരിക്കുമ്പോഴാണ് കർണാടകക്കായി അഭിമന്യു ബൗളിങ് വിരുന്നൊരുക്കിയത്.
20മത് ഓവറിലെ ആദ്യ പന്തിൽ തന്നെ ഹിമാൻഷു റാണയേയും രണ്ടാം പന്തിൽ രാഹുൽ തെവാട്ടിയെയും പുറത്താക്കിയ മിഥുൻ തൊട്ടടുത്ത പന്തിൽ പുതിയതായി ക്രീസിലെത്തിയ ബാറ്റ്സ്മാൻ സുമിത് കുമാറിനേയും പുറത്താക്കി ഹാട്രിക്ക് നേട്ടം കുറിച്ചു. ഹാട്രിക്ക് നേട്ടത്തോടെ വിക്കറ്റ് ദാഹം അവസാനിച്ചെന്ന് കരുതിയെങ്കിലും തൊട്ടടുത്ത പന്തിൽ അടുത്ത ബാറ്റ്സ്മാനെയും മിഥുൻ കൂടാരം കയറ്റി.
അവസാന ഓവറിൽ അത്ഭുതങ്ങൾ ഒന്നും ഒളിപ്പിച്ചുവെക്കാതിരുന്ന അഞ്ചാം പന്തിൽ ഹരിയാന താരം റൺസ് കണ്ടെത്തിയെങ്കിൽ തൊട്ടടുത്ത പന്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അഭിമന്യു തന്റെ വിക്കറ്റ് നേട്ടം തുടർന്നു. മത്സരത്തിൽ തന്റെ അവസാന പന്തിൽ ഇരയായതാവട്ടെ മറ്റൊരു മുൻ ഇന്ത്യൻ താരമായ ഹരിയാനയുടെ ജയന്ത് യാദവും.