പാകിസ്ഥാനെ തകര്‍ത്ത് മഞ്ഞപ്പട സെമിയിലേക്ക് ചിറകടിച്ചു

 ലോകകപ്പ് ക്രിക്കറ്റ് , പാകിസ്ഥാന്‍ ഓസ്‌ട്രേലിയ മത്സരം , ക്രിക്കറ്റ് , ലോകകപ്പ്
അഡ്‌ലെയ്‌ഡ്| jibin| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (16:07 IST)
ലോകകപ്പ് ക്രിക്കറ്റിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍ പ്രവേശിച്ചു. പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം 33.5 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ മറികടക്കുകയായിരുന്നു. സെമിയില്‍ ഇന്ത്യയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ജോഷ് ഹെയ്‌സ്‌വുഡാണ് കളിയിലെ താരം.

സെമിയിലേക്കുള്ള ടിക്കറ്റിനായി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ആരോണ്‍ ഫിഞ്ച് (5) തുടക്കത്തില്‍ തന്നെ കൂടാരം കയറിയപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ സ്‌റ്റീവന്‍ സ്‌മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 34 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയെങ്കിലും വാര്‍ണര്‍ (34) മടങ്ങിയതോടെ ഓസീസ് പതറുകയായിരുന്നു. അടുത്ത ഊഴം മൈക്കല്‍ ക്ലാര്‍ക്കിനായിരുന്നു (8). മൂന്ന് വിക്കറ്റുകള്‍ വീണതോടെ മഞ്ഞപ്പട സമ്മര്‍ദ്ദത്തില്‍ ഊന്നി ബാറ്റ് വീശുകയായിരുന്നു. പിന്നീട് ഷെയ്‌ന്‍ വാട്ട്‌സണ്‍ (64) സ്‌റ്റീവന്‍ സ്‌മിത്ത് (65), ഗ്ലെന്‍ മാക്‍സ്‌വെല്‍ (44) എന്നിവര്‍ മഞ്ഞപ്പടയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ 49.5 ഓവറില്‍ 213 റണ്‍സിന് പേരു കേട്ട പാകിസ്ഥാന്‍ ബാറ്റിംഗ് നിര ഓള്‍ഔട്ടാകുകയായിരുന്നു. നാല് വിക്കറ്റെടുത്ത ജോഷ് ഹെയ്‌സ്‌വുഡാണ് അവരെ തകര്‍ത്തത്. ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ മിസ്‌ബാ ഉള്‍ ഹഖ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനത്തെ തെറ്റിച്ചു കൊണ്ട് ഓപ്പണർമാരായ അഹമ്മദ് ഷെഹസാദ് (5), സർഫ്രാസ് അഹമ്മദ് (10) എന്നിവര്‍ വളരെ വേഗം കൂടാരം കയറുകയായിരുന്നു. ഷെഹസാദിനെ ജോഷ് ഹെയ്‌സ്‌വുഡ് പുറത്താക്കിയപ്പോള്‍ സർഫ്രാസിനെ മിച്ചല്‍ സ്‌റ്റാര്‍ക്ക് തിരിച്ചയക്കുകയായിരുന്നു.

പിന്നീട് ഹാരിസ് സൊഹൈലും മിസ്‌ബയും ചെര്‍ന്ന് പാകിസ്ഥാനെ കരകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയില്‍ അനാവശ്യ ഷോട്ട് കളിച്ച സൊഹൈല്‍ (41) മിച്ചല്‍ ജോണ്‍‌സണ് വിക്കറ്റ് നല്‍കുകയായിരുന്നു. 73 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. പിന്നീട് മിസ്‌ബയും (34) ഉമര്‍ അക്‍മലും (20) ഓസീസ് പേസ് ആക്രമണത്തിന് മുന്നില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. പിന്നീട് നിശ്ചിത ഇടവേളകളില്‍ പാക് വിക്കറ്റുകള്‍ കൊഴിയുകയായിരുന്നു. സൊഹെയ്‌ബ് മഖ്‌സൂദ് (29), ഷാഹിദ് അഫ്രിദി (23), വഹാബ് റിയാസ് (16), സൊഹൈല്‍ ഖാന്‍ (4), ഇഷാന്‍ അദില്‍ (15), രഹത് അലി (6) എന്നിവരാണ് മറ്റ് സ്‌കേറര്‍മാര്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :