പുഞ്ചിരിക്കൊപ്പം കണ്ണീര് തൂകിയ ലോകകപ്പ് രാവുകള്‍ക്ക് വിട

 ലോകകപ്പ് ക്രിക്കറ്റ് , എം എസ് ധോണി, സച്ചിന്‍ , ഡിവില്ലിയേഴ്‌സ്
jibin| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2015 (17:07 IST)
ഡിവില്ലിയേഴ്‌സിന്റെ കണ്ണ് നിറഞ്ഞപ്പോള്‍ ആരാധകരുടെ ഹൃദയത്തില്‍ നോവ് പടര്‍ന്നു, അവസാന നിമിഷം കപ്പ് കൈവിട്ട് പോകുന്നത് നിസ്സഹായതയോടെ മക്കല്ലം നോക്കി നിന്നപ്പോള്‍ ലോകനെറുകയിലേക്ക് ക്ലാര്‍ക്കിന്റെ മഞ്ഞപ്പട ചുവടു വെക്കുകയായിരുന്നു. ആഘോഷ രാവുകളും ഇരമ്പുന്ന ഗ്യാലറികളും നിശബ്‌ദമായപ്പോള്‍ ഓസ്ട്രേലിയന്‍ രാവുകളില്‍ നുര പതയുകയായിരുന്നു. ജയങ്ങള്‍ തേടിയെത്തുബോള്‍ പാട്ടും നൃത്തവും നിറച്ച് നിരത്തുകള്‍ കൈയടക്കുന്നത് കംഗാരുക്കളുടെ പതിവാണ് ഇത്തവണയും അവരത് തുടര്‍ന്നു. എന്നാല്‍ ട്വന്‍റി ട്വന്‍റിയുടെ അതിവേഗത്തിനൊപ്പം ഏകദിനക്രിക്കറ്റിന്‍റെ ശൈലിയും മാറിയ പുതിയ കാലത്തെ ലോകപോരാട്ടം മനസില്‍ ഒരായിരം ഓര്‍മ്മകള്‍ ബാക്കിവെക്കുന്നതായിരുന്നു.

പ്രണയദിനത്തില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ പോരാട്ടത്തിന് തുടക്കമിട്ടപ്പോള്‍ ക്രിക്കറ്റ് ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇന്ത്യ എന്നീ കൊമ്പന്മാരായിരുന്നു ലോകകപ്പിലെ ഫേവ്‌റേറ്റുകള്‍. ന്യൂസിലന്‍ഡിലെ ചെറിയ ഗ്രൌണ്ടുകളിലും ഓസ്ട്രേലിയയിലെ വമ്പന്‍ ഗ്രൌണ്ടുകളിലും 45 ദിവസം നീണ്ടുനിന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ കരുത്തര്‍ പാതിവഴിയില്‍ ഓട്ടം അവസാനിപ്പിക്കുന്നതും കുഞ്ഞന്മാര്‍ വമ്പ് കാട്ടി മുന്നേറുന്നതും ഈ ലോകകപ്പിലും കണ്ടു. ആദ്യറൗണ്ടിലെ ആറുമല്‍സരങ്ങളിലും ആറാടി ആഘോഷിച്ച് ന്യുസിലന്‍ഡ് കരുത്ത് തെളിയിച്ച് പടയോട്ടം ശക്തമാക്കിയപ്പോള്‍ ഇന്ത്യയുടെ ധോണിപ്പട ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായി അവതരിച്ചു. ക്രിസ് ഗെയില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ എന്നിവരുടെ ഇരട്ട സെഞ്ചുറിയും, മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെ മികച്ച ബോളിംഗ് പ്രകടനവും ലോകകപ്പിന്റെ എടുത്തു പറയാവുന്ന വലിയ നേട്ടങ്ങളായപ്പോള്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധന, തിലകരത്‌നെ ദില്‍ഷന്‍, ന്യൂസിലന്‍ഡിന്റെ ഡാനിയല്‍ വെട്ടോറി, സിംബാബ്‌വെയുടെ ബ്രണ്ടന്‍ ടെയ്‌ലര്‍, ഓസ്ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരുടെ വിടപറയല്‍ കൂടിയായിരുന്നു ഈ ലോകകപ്പ്.

തങ്ങളെ എഴുതി തള്ളാന്‍ വരട്ടെയെന്ന് അയര്‍ലന്‍ഡ് പ്രാഥമിക റൌണ്ടില്‍ തെളിയിച്ചപ്പോള്‍ ബംഗ്ലാദേശിന്റെ മുന്നേറ്റങ്ങള്‍ക്ക് മഹ്‌മദുള്ള വഹിച്ച പങ്ക് വലുതായിരുന്നു. അഫ്‌ഗാനിസ്ഥാന്‍ ലോകകപ്പില്‍ ഞെട്ടിപ്പിക്കുന്ന ജയം സ്വന്തമാക്കിയപ്പോള്‍ അവസാന നാലില്‍ എത്തുമെന്ന് കരുതിയിരുന്ന ഇംഗ്ലണ്ട് പാതിവഴിയില്‍ തന്നെ കലമുടച്ചു. ചിരവൈരികളായ പാകിസ്ഥാനോട് തോല്‍ക്കാതെ ചരിത്രമെഴുതിയ ധോണിയും കൂട്ടരും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ചരിത്രം തിരുത്തിയപ്പോള്‍ സെമിയില്‍ ഓസ്ട്രേലിയയോട് തോല്‍‌വി സമ്മതിച്ച് യാത്ര പറയുകയായിരുന്നു.

കപ്പില്‍ കുറഞ്ഞതൊന്നും ആവശ്യമില്ലാതിരുന്ന എ ബി ഡിവില്ലിയേഴ്‌സിന്റെ ആഫ്രിക്കന്‍ ടീമിന് ഇത്തവണയും പിഴച്ചു. മഴയും ദൌര്‍ഭാഗ്യവും വേട്ടയാടിയപ്പോള്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് അവസാന ഓവറില്‍ പരാജയപ്പെട്ട് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് വാങ്ങുകയായിരുന്നു. ആവേശം തുളുമ്പി നിന്ന മത്സരത്തില്‍ ഭാഗ്യദേവത അവരോട് ഇത്തവണയും പിണങ്ങിയപ്പോള്‍ ഡിവില്ലിയേഴ്‌സിന്റെ കണ്ണുനീര്‍ ക്രിക്കറ്റ് ലോകത്തിന് ഒരു നോവായി തീര്‍ന്നു.

കുമാര്‍ സംഗക്കാരയുടെ തോളിലേറിയെത്തിയ മരതകദ്വീപുകാര്‍ അത്ഭുതങ്ങള്‍ ഒന്നും ഓസ്ട്രേലിയന്‍ മൈതാനങ്ങളില്‍ കാഴ്ചവെച്ചില്ല. സംഗക്കാര മുന്നില്‍ നിന്ന് നയിച്ച ജയങ്ങള്‍ ഒഴിച്ചാല്‍ ടീമെന്ന നിലയില്‍ ഒരു ജയവും അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. പാഡഴിച്ച സംഗക്കാരയ്ക്കും മഹേള ജയവര്‍ധനയ്ക്കുമൊപ്പം ദില്‍ഷനും യാത്രപറഞ്ഞപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ലോകം ശൂന്യമാകുന്നതും ഈ ലോകകപ്പ് കണ്ടു. ഇനിയൊരു പുതിയ ടീമിനെ സൃഷ്‌ടിച്ചെടുക്കുക എന്ന വലിയ കടമയാണ് മൂവരും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് സമ്മാനിച്ചത്.

ബ്രണ്ടന്‍ മക്കല്ലം കൊളുത്തിവിട്ട ആവേശത്തില്‍ ടീം ഗര്‍ജ്ജിച്ചപ്പോള്‍ ന്യൂസിലന്‍ഡ് ലോകകപ്പില്‍ നടത്തിയത് വന്‍ കുതിപ്പായിരുന്നു. മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന്റെ ഇരട്ടസെഞ്ചുറിയും ട്രെന്റ് ബോള്‍ട്ടിന്റെ വെടിയുണ്ട പോലുള്ള പന്തുകളും എതിരാളികളെ കാഴ്‌ചക്കാരാക്കിയപ്പോള്‍ ലോകകപ്പില്‍ കിവികളുടെ ആധിപത്യം മനോഹരമായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഓസ്ട്രേലിയയോട് തകര്‍ന്ന് മാര്‍ട്ടിന്‍ ക്രോയുടെ നാട്ടുകാര്‍ നിരാശ സമ്മാനിക്കുകയും ചെയ്തു.

മെല്‍ബണില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഓസ്ട്രേലിയ അഞ്ചാംതവണയും കപ്പുയര്‍ത്തി. വ്യക്തിപ്രഭയില്‍ നില്‍ക്കാതെ ടീമെന്ന നിലയില്‍ കളത്തില്‍ കാണിച്ച മിടുക്ക് തന്നെയാണ് അവരെ കപ്പ് ഉയര്‍ത്താന്‍ കാരണക്കാര്‍ ആക്കിയത്. ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും അതിന്റെ സൌന്ദര്യം നിറച്ച് പോരാടിയപ്പോള്‍ 2015 ലോകകപ്പ് ഓസ്ട്രേലിയന്‍ ടീമിന് സ്വന്തമായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :