ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും: ടീമിൽ ഊഴം കാത്ത് സഞ്ജു സാംസണും ശ്രേയസ് അയ്യരും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (16:47 IST)
ലോകകപ്പിനുള്ള ഇന്ത്യൻ സം‌ഘത്തെ ഉടനെ തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. ഈ മാസം പത്തിന് മുൻപ് ടീമുകൾ പട്ടിക കൈമാറണമെന്നാണ് നിയമം. അതിനാൽ തന്നെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് അവസാനിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ ടീം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സെലക്‌ടർമാർ ടീമിനെ തിരെഞ്ഞെടുത്തതായും ഇനി പ്രഖ്യാപനം മാത്രമെ ബാക്കിയുള്ളുവെന്നും ബിസിസിഐയോട് അടുത്തവൃത്തങ്ങൾ പറയുന്നു. ടീം പട്ടികയിൽ മലയാളി താരം ഉൾപ്പെടുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഓപ്പണിങ് സ്ഥാനത്ത് രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർക്ക് സ്ഥാനമുറപ്പാണ്. ഓപ്പണിങ് സ്ഥാനത്തേക്ക് ശിഖർ ധവാനൊപ്പം പൃഥ്വി ഷായും പരിഗണനയിലുണ്ട്.

അതേസമയം മധ്യനിരയിൽ ഇന്ത്യൻ നായകൻ വിരാട് കോലി,റിഷഭ് പന്ത്,സൂര്യകുമാർ യാദവ് എന്നിവർ ഉറപ്പാണ്. മധ്യനിരയിലേക്കായിരിക്കും സഞ്ജുവിനെയും പരിഗണിക്കുക. പരിക്ക് മാറി ടീമിൽ തിരിച്ചെത്താൻ നിൽക്കുന്ന ശ്രേയസ് അയ്യരും ടീമിൽ ഇടം പ്രതീക്ഷിക്കുന്നുണ്ട്.

പേസ് നിരയിൽ ബു‌മ്രയ്ക്കൊപ്പം ഭുവനേശ്വർ കുമാർ, ദീപക് ചഹാർ എന്നിവർ ഇടം പിടിച്ചേക്കും. യൂസ്‌വേന്ദ്ര ചഹലായിരിക്കും സ്പിൻ നിരയെ നയിക്കുക. ഓൾറൗണ്ടർമാരായി ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇടംപിടിക്കും. ഒക്‌ടോബർ 24ന് പാകിസ്ഥാനുമായാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :