കൊൽക്കത്ത|
rahul balan|
Last Modified ശനി, 19 മാര്‍ച്ച് 2016 (16:51 IST)
ലോകകപ്പ് ട്വന്റി-20യിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് ഈഡൻ ഗാർഡൻസ് വേദിയാകുമ്പോള്‍ മത്സരത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ആദ്യ മത്സരത്തില്‍ തോല്‍വി അറിഞ്ഞ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്നുകൂടി തോറ്റാല്‍ പിന്നെ ടൂര്‍ണമെന്റില്‍ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തേണ്ട കാര്യമില്ല. കൊല്‍ക്കത്തയില്‍ ഇന്ത്യക്ക് അത്ര നല്ല റെക്കോര്‍ഡ് അല്ല പാകിസ്ഥാനെതിരെ ഉള്ളത്. പാകിസ്ഥാനെതിരെ കളിച്ച നാലു കളികളിലും ഇന്ത്യയ്ക്കായിരുന്നു തോല്‍വി.
അതേസമയം ബംഗ്ലാദേശിനെതിരെ നേടിയ മികച്ച വിജയത്തിന്റെ ആവേശത്തിലായിരിക്കും പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഇറങ്ങുക. കഴിഞ്ഞ കളിയില്‍ ബാറ്റ്സ്മാന്മാര്‍ ഫോമിലെത്തിയതും പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നു.
മൽസരത്തിന് മുൻപുള്ള ഇന്ത്യൻ ദേശീയഗാനം ആലപിക്കുക അമിതാഭ് ബച്ചൻ ആയിരിക്കും. പാക്കിസ്ഥാന്റെ ദേശീയ ഗാനം പാക്ക് സംഗീതജ്ഞൻ ഷഫ്ഖാത് അമാനത്ത് അലി ആലപിക്കും. മത്സരത്തിന് ആവേശം പകരാന്‍ ഇതിലപ്പുറം എന്ത് വേണം?
ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയും ഫോമിലല്ലാത്തതാണ് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നത്. മുഹമ്മദ് ആമിറിന്റെ പന്തുകള്‍ ഇരുവര്‍ക്കും വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. നായകൻ ധോണി മികച്ച ഫോമിൽ ബാറ്റ് വീശുന്നത് ഇന്ത്യയ്ക്ക് കരുത്തു പകരും.
പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്നാണു പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസം ബംഗ്ലദേശിനെതിരെ ഇവിടെ കളിച്ച പാക്കിസ്ഥാൻ 201 റൺസാണ് അടിച്ചുകൂട്ടിയത്.