സ്മിത്തിന്‍റെ പുസ്തകവും വിവാദത്തില്‍

ജോഹ്നാസ്‌ബര്‍ഗ്| WEBDUNIA| Last Modified ഞായര്‍, 26 ജൂലൈ 2009 (15:59 IST)
ഓസ്ട്രേലിയയുടെ മുന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനന്‍റെ പുസ്തക വിവാദത്തിന്‍റെ ചൂടാറും മുന്‍പേ ക്രിക്കറ്റില്‍ നിന്നുള്ള മറ്റൊരു പുസ്തകം കൂടി വിവാദത്തിലേക്ക്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിന്‍റെ ‘ക്യാപ്റ്റന്‍സ് ഡയറി 2007-09’ എന്ന പുസ്തകമാണ് വിവാദമാകുന്നത്. സ്മിത്തിന്‍റെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് നോര്‍മാന്‍ അരെണ്ട്സെയാണ് രംഗത്തു വന്നത്. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പിന്‍‌വലിച്ചില്ലെങ്കില്‍ സ്മിത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് അരെണ്ട്സെ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പര്യടനത്തിനുള ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ ആദ്യം ആന്ദ്രെ നെല്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 14 അംഗ ടീമിലെ ആറ് പേര്‍ കറുത്ത വര്‍ഗക്കാരാകണമെന്ന നിയമമനുസരിച്ച് ചാള്‍സ് ലാം‌ഗ്‌വെല്‍റ്റിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലാണ് സ്മിത്ത് അരെണ്ട്സെയെ കുറ്റപ്പെടുത്തുന്നത്. അരെണ്ട്സെ എല്ലാ കാര്യത്തിലും തലയിടുകയായിരുന്നുവെന്ന് സ്മിത്ത് കുറ്റപ്പെടുത്തുന്നു.

അദ്ദേഹം ഒരേ സമയം ക്യാപ്റ്റനും കോച്ചും സി ഇ ഒയും പ്രസിഡന്‍റുമെല്ലാം ആവാന്‍ ശ്രമിക്കുകയായിരുന്നു. അന്നത്തെ സംഭവത്തെ തുടര്‍ന്ന് ടീം അംഗങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സ്മിത് വിവരിക്കുന്നു. ലാംഗ്‌വെല്‍റ്റിനോട് നിങ്ങളാണ് ഇന്ത്യയിലേക്ക് വരുന്നതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്ന് ചിരിക്കുക പോലും ചെയ്തില്ല. പകരം എന്തിനെന്ന് എന്നോട് ചോദിക്കുകമാത്രം ചെയ്തു.

തന്‍റെ തെരഞ്ഞെടുപ്പ് എന്തടിസ്ഥാനത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. പിന്നീട് ടീം തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പേരില്‍ ലാംഗ്‌വെല്‍റ്റ് സ്വയം പിന്‍‌മാറുകയായിരുന്നുവെന്നും സ്മിത് പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ലാം‌ഗ്‌വെല്‍‌റ്റിന്‍റെ പേര് തന്നെയാണ് അന്ന് സെലക്ഷന് പരിഗണിച്ചതെന്നാണ് അരെണ്ട്സെയുടെ വാദം. സ്മിത്തിന്‍റെ പരാമര്‍ശത്തിനെതിരെ പ്കോടതിയെ സമീപിക്കുമെന്നും അരെണ്ട്സെ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :