മുംബൈയില്‍ സച്ചിന്‍റെ കളി കാണാന്‍ ഇനി ചെലവേറും

മുംബൈ| WEBDUNIA|
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സുപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സ്വന്തം ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ കളികാണണമെങ്കില്‍ മുംബൈക്കാര്‍ക്ക് ഇനി ചെലവേറും. മുംബൈയില്‍ നടക്കുന്ന ഐ പി എല്‍ മത്സരങ്ങള്‍ക്ക് 25 ശതമാനം വിനോദ നികുതി ചുമത്താനുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറന്‍റെ തീരുമാനത്തെ തുടര്‍ന്നാണിത്. 1923ലെ വിനോദ നികുതി ചട്ടമനുസരിച്ചാണ് കോര്‍പറേഷന്‍റെ നടപടി.

മുംബൈയില്‍ നടക്കുന്ന എല്ലാ ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ക്കും 25 ശതമാനവും നവി മുംബൈയിലെയും മറ്റ് നഗരങ്ങളിലെയും മത്സരങ്ങള്‍ക്ക് 20 ശതമാനവുമായിരിക്കും വിനോദ നികുതി. മുനിസിപ്പല്‍ കൌണ്‍സില്‍ പരിധിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് 15 ശതമാനമായിരിക്കും വിനോദ നികുതി. പുതിയ നികുതി കൂടി വരുന്നതോടെ മുംബൈയില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും.

അതായത് സച്ചിന്‍റെ കളി കാണണമെങ്കില്‍ ആരാധകര്‍ ഇനിമുതല്‍ കൂടുതല്‍ കാശ് മുടക്കേണ്ടി വരുമെന്ന് സാരം. പുതിയ നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ പ്രതിവര്‍ഷം 20 കോടി രൂപ അധികവരുമാനം കണ്ടെത്താനാകുമെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. പുതിയ നികുതി നിര്‍ദേശം ഐ പി എല്ലിന്‍റെ മൂന്നാം പതിപ്പിന് മുന്‍പ് നടപ്പാവും.

നിലവില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വിനോദ നികുതി എര്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ക്കും വിനോദ നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം മഹാരാഷ്ട്ര മന്ത്രിസഭ ചര്‍ച്ച ചെയ്തെങ്കിലും പിന്നീട് തള്ളുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :