ഐ പി എല്‍ ടീം കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരായ ബോളിവുഡ് നടി പ്രീതി സിന്‍ഡയ്ക്കെതിരെയും വ്യവസായി നെസ്സ് വാദിയക്കെതിരെയും ചണ്ഡീഗഡ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ടീമുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കേസ്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബാലന്‍സ് ഷീറ്റുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇരുവര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
പ്രീതി സിന്‍ഡയ്ക്കും നെസ്സ് വാദിയക്കും പുറമെ മോഹിത് ബര്‍മനെതിരെയും അറസ്റ്റ് വാറണ്ടുണ്ട്. ചണ്ഡീഗഡ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജെ എസ് സിന്ദുവാണ് ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. റെജിസ്ട്രാര്‍ ഓഫ് കമ്പനീസാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ഇതിനിടെ, ടീമുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വ്യവസായി കരന്‍ പോള്‍ കോടതിയ്ക്ക് മുമ്പാകെ ഹാജറായി. ടീമുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഉടന്‍ സമര്‍പ്പിക്കാമെന്നും കോടതിയെ ബോധിപ്പിച്ചു. കേസ് ഒക്ടോബര്‍ നാലിന് വീണ്ടും പരിഗണിക്കും. ജൂലൈ 24ന് മുമ്പ് ടീമുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാല് ഉടമസ്ഥന്മാര്‍ക്കും ഏപ്രിലില്‍ കോടതി നോട്ടീസ് അയച്ചിരുന്നു.
അഞ്ചു കോടി രൂപയുടെ സര്‍വീസ് നികുതിയടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിന് കേന്ദ്ര, സംസ്ഥാന എക്സൈസ് വകുപ്പുകളും നോട്ടീസ് അയച്ചിരുന്നു. ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ ബോധിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.