തീ പാറും സ്പിന്‍-പേസ് പോരാട്ടം

മിര്‍പുര്‍| WEBDUNIA|
PTI
ഇന്ന് സ്പിന്‍-പേസ് പോരാട്ടം. ആഫ്രിക്കന്‍ പേസും ഇന്ത്യന്‍ സ്പിന്നും കൂട്ടിമുട്ടുബോള്‍ മത്സരം തീപാറുമെന്ന് ഉറപ്പ്. തുടര്‍ച്ചയായ നാലു വിജയങ്ങളോടെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത് ഇത് ടീമിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തുമെന്നുറപ്പ്. പടിക്കല്‍ കലമുടച്ചു മാത്രം ശീലമുള്ള ദക്ഷിണാഫ്രിക്ക ഇന്ന് കലമുടയ്ക്കാതെ പുതിയതീരത്ത് എത്തുമോ കണ്ട് അറിയാം.

യുവരാജ്‌ കളിക്കാനിറങ്ങുമോ, ടീം കോമ്പിനേഷന്‍ എങ്ങനെയാവും എന്നതാണ് ആരാധകരുടെ ആശങ്ക. പരിശീലനത്തില്‍ ഷൂസ്‌ ധരിക്കാതെ ഫുട്ബോള്‍ പരിശീലിച്ചതാണ്‌ യുവരാജിന്റെ കാര്യം സംശയത്തിലാക്കിയത്‌. കാലിനു പരുക്കേറ്റ യുവരാജ്‌ കഴിഞ്ഞ ദിവസം മുടന്തിയാണ് മടങ്ങിയത്. എന്നാല്‍ ഇന്നലെ ബാറ്റിങ്ങില്‍ കൂടുതല്‍ സമയം ചെലവഴിച്ചത്‌ പ്രതീക്ഷയേകുന്നു.

ഫോമിലല്ലാത്ത ശിഖര്‍ ധവാനു പകരം അജിങ്ക്യ രഹാനയെയും മുഹമ്മദ്‌ ഷമിക്കു പകരം മോഹിത്‌ ശര്‍മയെയും ഇന്നും നിലനിര്‍ത്തണോയെന്നത്‌ ധോണിയെ കുഴയ്ക്കുന്നു. യുവരാജ്‌ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ ധവാനും രഹാനെയും ടീമിലുണ്ടാവും. വിക്കറ്റു വീഴ്ത്തുന്നതില്‍ ഷമി മോശമല്ലെങ്കിലും റണ്‍സ്‌ വഴങ്ങുന്നതിലും പിന്നിലല്ല. പകരമെത്തിയ മോഹിത്‌ ശര്‍മ റണ്‍സ്‌ വഴങ്ങുന്നതില്‍ പിശുക്കും വിക്കേറ്റ്ടുക്കുന്നതില്‍ മിടുക്കും കാണിച്ചു.

ഇന്ത്യക്ക്‌ ആത്മവിശ്വാസമേകുന്നതാണ്‌ സ്പിന്നര്‍മാരുടെയും ബാറ്റ്സ്മാന്‍മാരുടെയും മികവ്‌. സമീപകാലത്ത്‌ ഏറെ വിമര്‍ശനം കേട്ട അശ്വിന്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തലേവര മാറ്റി. തുടക്കത്തില്‍ തന്നെ ബാറ്റ്സ്മാന്‍മാരെ വരിഞ്ഞുമുറുക്കി സമ്മര്‍ദത്തിലാഴ്ത്തി വിക്കേറ്റ്ടുക്കുന്ന അശ്വിന്‍ തന്ത്രങ്ങള്‍ തന്നെയാവും ദക്ഷിണാഫ്രിക്കയ്ക്ക്‌ ഏറെ വെല്ലുവിളിയാകുന്നത്‌. അമിത്‌ മിശ്രയും അസാമാന്യ ഫോമിലാണന്നതും ഇന്ത്യക്ക്‌ പ്രതീക്ഷയേകുന്നു.

മറുഭാഗത്ത്‌ ഡെയ്‌ന്‍ സ്റ്റെയ്നിനെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും നിര്‍ണായകമാവും. സൂപ്പര്‍ ടെന്നിലെ നാലു മല്‍സരങ്ങളും ജയിച്ചാണ്‌ ഇന്ത്യ മുന്നേറിയത്‌. ഒരു മല്‍സരം തോറ്റ ദക്ഷിണാഫ്രിക്ക മൂന്നെണ്ണത്തില്‍ ജയിച്ചു. ഫോം വച്ചു നോക്കിയാല്‍ ഇന്ത്യക്കാണു മുന്‍തൂക്കം. എന്നാല്‍ ട്വന്റി20യില്‍ ഫോമിനൊന്നും ഒരു സ്ഥാനവുമില്ലെന്നത് കഴിഞ്ഞ കളികള്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :