ജെസ്സി റൈഡറുടെ ഒടിവുകളിലേക്ക് സ്റ്റാഫുകളുടെ ഒളിഞ്ഞുനോട്ടം

ക്രൈസ്റ്റ്ചര്‍ച്ച്| WEBDUNIA|
PRO
ബാറില്‍ വച്ചുണ്ടായ അക്രമത്തില്‍ തലയ്ക്ക് പരുക്കേറ്റ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ജെസ്സി റൈഡര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്നപ്പോള്‍ അനുവാദമില്ലാതെ ജെസ്സി റൈഡറുടെ ചികിത്സാരേഖകള്‍ ഹോസ്പിറ്റല്‍ ജീവനക്കാര്‍ പരിശോധിച്ചെന്ന് റിപ്പോര്‍ട്ട്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ക്രൈസ്റ്റ് ചര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജെസ്സി റൈഡര്‍‘കോമ‘യിലായിരുന്നു. അനുവാദമില്ലാത്ത നാലുജീവനക്കാരാണ് റൈഡറുടെ എക്സ്- റേ പരിശോധനാഫലങ്ങള്‍ നോക്കിയത്.

കാന്റന്‍ബറി മെഡിക്കല്‍ ബോര്‍ഡ് ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. ക്രൈസ്റ്റ്ചര്‍ച്ചിന് സമീപത്തെ മെരിവാലെയിലെ ഒരു ബാറിന് മുന്നില്‍ വച്ച് നാലംഗ സംഘമാണ് റൈഡറെ ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റു വീണ റൈഡറെ അക്രമിസംഘം തറയിലിട്ട് ചവുട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ചശേഷം വെല്ലിങ്ടണ്‍ ടീമിലെ അംഗങ്ങള്‍ക്കൊപ്പമാണ് റൈഡര്‍ ബുധനാഴ്ച രാത്രി ബാറിലെത്തിയത്. ഹോട്ടലില്‍ വച്ച് മദ്യപിച്ചതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിനുള്ള ടീമില്‍ നിന്ന് റൈഡറെ ഒഴിവാക്കിയിരുന്നു.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗമായ റൈഡര്‍ ഐ പി എല്ലില്‍ കളിക്കേണ്ടതായിരുന്നു. ഡെയര്‍ ഡെവിള്‍സുമായി മൂന്ന് ലക്ഷം ഡോളറിനാണ് കരാര്‍ ഒപ്പിട്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :