ഓസ്ട്രേലിയയ്ക്കു നാലു വിക്കറ്റിന്റെ വിജയം; ധോണിയുടെ സെഞ്ച്വറി പാഴായി

ചണ്ഡീഗഡ്‌| WEBDUNIA|
PTI
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കു നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഒന്‍പതു വിക്കറ്റിനു 303 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ മൂന്നു പന്തുകള്‍ ശേഷിക്കേയാണു ലക്ഷ്യത്തിലെത്തിയത്‌.

തകര്‍പ്പന്‍ സെഞ്ച്വറി നേടി നായകന്‍ ധോണി കൈപ്പിടിലെത്തിച്ച വിജയം അകന്നുപോകുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ ധോണിക്ക് കഴിഞ്ഞുള്ളൂ.

ധോണി പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിക്ക്‌ (121 പന്തില്‍ 139) ആഡം വോഗ്‌സും (88 പന്തില്‍ പുറത്താകാതെ 76) ജെയിംസ്‌ ഫോക്‌നറും (29 പന്തില്‍ 64) മറുപടി നല്‍കി. ജയത്തോടെ ഏഴ്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1 നു മുന്നിലായി.

ഇഷാന്ത്‌ ശര്‍മ നാല്പത്തിയെട്ടാം ഓവര്‍ എറിയാനെത്തും വരെ ഇന്ത്യ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. 18 പന്തില്‍ ഓസീസിനു ജയിക്കാന്‍ 44 റണ്ണായിരുന്നു വേണ്ടിയിരുന്നത്‌. ഒരു പന്ത്‌ ഒഴികെ എല്ലാ പന്തുകളും സിക്‌സറിനു പറന്നതോട ഇന്ത്യന്‍ പ്രതീക്ഷാകളും മങ്ങി.

24 പന്തിലാണു ഓള്‍റൗണ്ടര്‍ കൂടിയായ ഫോക്‌നര്‍ 50 കടന്നത്‌. ആറു സിക്‌സറും രണ്ടു ഫോറുകളുടെയും അകമ്പടി ഫോക്‌നറുടെ ഇന്നിംഗ്‌സിനു കൂട്ടായി. ഒരു വശത്തു വിക്കറ്റ്‌ വീഴുമ്പോഴും പിടിച്ചുനിന്ന വോഗ്‌സിന്റെ ഇന്നിംഗ്‌സില്‍ ഏഴു ഫോറുകളുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന്‌ 8.2 ഓവറില്‍ 91 റണ്ണിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി.

ഓപ്പണര്‍ ആരണ്‍ ഫിഞ്ച്‌ (38), നായകന്‍ ജോര്‍ജ്‌ ബെയ്‌ലി (43) എന്നിവരും മികച്ച ബാറ്റിംഗ്‌ പുറത്തെടുത്തു. ഫോക്‌നറാണു മത്സരത്തിലെ താരം. ടോസ്‌ നേടിയ ഓസീസ്‌ നായകന്‍ ജോര്‍ജ്‌ ബെയ്‌ലി ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ധോണിയുടെയും ഉപനായകനായ വിരാട്‌ കോഹ്ലിയുടെയും (73 പന്തില്‍ 68) ഇന്നിംഗ്‌സുകളാണു തുടക്കത്തിലെ തകര്‍ച്ചയില്‍നിന്നു മികച്ച സ്‌കോറിലെത്താന്‍ ഇന്ത്യക്കു തുണയായത്‌.

ആദ്യ പത്ത്‌ ഓവറിനിടെ ഇന്ത്യക്ക്‌ ഓപ്പണര്‍മാരെ നഷ്‌ടപ്പെട്ടിരുന്നു. പിന്നാലെ സുരേഷ്‌ റെയ്‌നയും യുവ്രാജ്‌ സിംഗും മടങ്ങിയതോടെ ഇന്ത്യ 250 കടക്കുമെന്ന ഉറപ്പു പോലുമില്ലായിരുന്നു. ധോണിയും കോഹ്ലിയും ചേര്‍ന്ന്‌ അഞ്ചാം വിക്കറ്റില്‍ 72 റണ്‍ നേടിയതോടെയാണ്‌ ഇന്ത്യ മത്സരത്തിലേക്കു മടങ്ങിയെത്തിയത്‌.

അഞ്ചു കൂറ്റന്‍ സിക്‌സറുകളും 12 ഫോറുകളും അടക്കമാണു ധോണി 139 റണ്ണെടുത്തത്‌. ഓസീസിനു വേണ്ടി പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ 46 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്തു. ബാറ്റിംഗില്‍ വെടിക്കെട്ടായ ഫോക്‌നര്‍ ഒരു വിക്കറ്റ്‌ വീഴ്‌ത്തിയിരുന്നു. പരമ്പരയിലെ നാലാമത്തെ മത്സരം 23 നു റാഞ്ചിയില്‍ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :