ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പ്രചാരകനാകുന്നു. ഇന്ത്യയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിന് വേണ്ടിയാണ് ധോണി പ്രചാരകനാകുന്നത്.
ധോണി ചാനലിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അബാസിംഡറായ കാര്യം സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഈ സീസണിലെ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഹിന്ദി കമന്ററി അവതരിപ്പിക്കാനുള്ള പദ്ധതിയും ചാനലിനുണ്ട്. ധോണിയെ ഉപയോഗിച്ച് ക്രിക്കറ്റിന് വളക്കൂറുള്ള രാജ്യത്ത് ഫുട്‌ബോള്‍ പ്രചരണം നടത്താനാണ് ചാനല്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ മില്യണിലധികം ആളുകള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ പ്രേക്ഷകരായിട്ടുണ്ടെങ്കിലും ഇതുവരെ ഇംഗ്ലീഷിലായിരുന്നു കമന്ററി.
പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ പ്രചാരകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ധോണി പ്രസ്താവനയിലൂടെ അറിയിച്ചു. ഫുട്‌ബോള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഗോള്‍ കീപ്പറായിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ ശാരീരികക്ഷമത കൈവരിക്കാന്‍ ഫുട്‌ബോളാണ് കളിക്കാറുള്ളത്. ക്രിക്കറ്റിനെപ്പോലെ മറ്റ് കായിക ഇനങ്ങളേയും സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാകണമെന്നും ധോണി പറഞ്ഞു. ലോകഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യ 146-ാം സ്ഥാനത്താണെങ്കിലും ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉള്ളതുകൊണ്ട് ഫുട്‌ബോളിന് രാജ്യത്തെ കായികപ്രേമികള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത വര്‍ധിച്ചുവരികയാണ്.