അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ഷാര്‍ജ| WEBDUNIA|
PRO
PRO
അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ നേരിടും. ബുധനാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പാപ്പുവ ന്യൂഗിനിയയെ 245 റണ്‍സിന് തകര്‍ത്ത ഇന്ത്യ, തുടരെ മൂന്നുവിജയങ്ങളോടെ എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാര്‍ട്ടറിലെത്തുന്നത്. ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. സ്‌കോട്ട്‌ലന്‍ഡിനെ 146 റണ്‍സിന് തോല്‍പ്പിച്ച പാകിസ്ഥാന്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ്.

മലയാളിതാരം സഞ്ജു വി സാംസണി(85)ന്റെയും ഓപ്പണര്‍ അങ്കുഷ് ബെയ്ന്‍സിന്റെയും (59) അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ന്യൂഗിനിയയ്‌ക്കെതിരേ 301 റണ്‍സ് നേടി. ഇന്ത്യയുടെ മുന്‍നിരക്കാരെല്ലാം ടീം ടോട്ടലിലേക്ക് സംഭാവന നല്‍കി. ഹെര്‍വാദ്കര്‍ (37), ക്യാപ്റ്റന്‍ വിജയ് സോള്‍ (35), ശ്രേയസ് അയ്യര്‍ (36), സര്‍ഫ്രാസ് ഖാന്‍ (34 നോട്ടൗട്ട്) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. 48 പന്ത് മാത്രം നേരിട്ട സഞ്ജു എട്ട് ബൗണ്ടറിയും നാലു സിക്‌സറും പറത്തിയാണ് 85 റണ്‍സ് നേടിയത്.

ന്യൂഗിനിയ ബൗളര്‍ സാവക് ജബലിന്റെ 7, 8 ഓവറുകളില്‍പ്പെടുന്ന ഏഴ് തുടര്‍ പന്തുകളില്‍ സഞ്ജു അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തിയതും (6, 4, 4, 4, 4, 4, 6) ഇതില്‍പ്പെടും. ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂഗിനിയ 56 റണ്‍സിന് പുറത്തായി. 28.2 ഓവറില്‍ അവസാനിച്ച അവരുടെ ഇന്നിങ്‌സില്‍ രണ്ടുപേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യയ്ക്കുവേണ്ടി കുല്‍ദീപ് യാദവ് നാലും മോനുകുമാര്‍ മൂന്നും ദീപക് ഹൂഡ രണ്ടും വിക്കറ്റെടുത്തു. ഇന്ത്യയുടെ 245 റണ്‍സ് മാര്‍ജിന്‍ വിജയം യൂത്ത് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏഴാമത്തെ വലിയ വിജയമാണ്. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 6-ന് 301; ന്യൂഗിനിയ 28.2 ഓവറില്‍ 56ന് പുറത്ത്.

ബുധനാഴ്ചത്തെ മത്സരങ്ങളോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ശനിയാഴ്ചത്തെ ഒന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ എതിരിടുമ്പോള്‍ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍. ഞായറാഴ്ച നടക്കുന്ന ശേഷിക്കുന്ന രണ്ടു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയും ഓസ്‌ട്രേലിയ വെസ്റ്റിന്‍ഡീസിനെയും നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :