നാഗ്പൂര്‍: ലോകകപ്പ് ക്രിക്കറ്റില്‍ കെനിയക്കെതിരെ വിയര്‍ക്കാതെ വിജയിച്ച ന്യൂസീലാന്‍ഡ് ഓസീസിനു മുന്നില്‍ വിയര്‍ത്തു. നാഗ്പൂരില്‍ ഇന്ന് രാവിലെ ആരംഭിച്ച കളിയില്‍ ആദ്യബാറ്റിംഗ് അവസാനിച്ചപ്പോള്‍ 45.1 ഓവറില്‍ 206 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി. 207 റണ്‍സ് വിജയലക്‌ഷ്യവുമായി ഓസീസ് ബാറ്റിംഗ് ആരംഭിച്ചു.
10 റണ്‍സ് മാത്രം നേടി വലംകൈയന്‍ ബാറ്റ്സ്മാന്‍ എം ജെ ഗുപ്തില്‍ ആണ് ആദ്യം ക്രീസിനു പുറത്തേക്ക് പോയത്. 16 റണ്‍സ് നേടി ബ്രണ്ടന്‍ മക്കല്ലവും 25 റണ്‍സ് നേടി ആര്‍ ഡി റെയ്ഡറും പുറത്തായി. തുടര്‍ന്നുവന്ന എല്‍ ആര്‍ പി എല്‍ ടെയ്‌ലര്‍ക്ക് ഏഴു റണ്‍സ് സമ്പാദ്യവുമായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു.
ജെ എഫ് സി ഫ്രാങ്ക്‌ളിനും എസ് ബി സ്റ്റൈറിസിനും റണ്ണൊന്നും നേടാന്‍ കഴിയുന്നതിനു മുമ്പ് തന്നെ ക്രീസ് വിടേണ്ടി വന്നു. ജെ എം ഹൌ 22 റണ്‍സുമായി പുറത്തായി (എല്‍ ബി ഡബ്ല്യൂ). 76 പന്തില്‍ നിന്നായി 52 റണ്‍സ് നേടിയ എന്‍ എല്‍ മക്കല്ലമാണ് ന്യൂസീലാന്‍ഡ് നിരയില്‍ അല്പമെങ്കിലും ആശ്വാസമായത്. മക്കല്ലം ഔട്ടായതിനു ശേഷം 44 റണ്‍ നേടിയ ഡി എല്‍ വെട്ടോറിയും കിവികള്‍ക്ക് ആശ്വാസമായി. വെട്ടോറിയെ തുടര്‍ന്നെത്തിയ ടി ജി സോഥീ ആറു റണ്‍സ് എടുത്തു. എച്ച് കെ ബെന്നറ്റ് പുറത്താകാതെ 24 റണ്‍സ് നേടി.
ഓസ്ട്രേലിയയ്ക്കു വേണ്ടി ബ്രെറ്റ് ലീ ഒരു വിക്കറ്റും എസ് ഡബ്ല്യൂ ടൈറ്റ് 3 വിക്കറ്റും എം ജി ജോണ്‍സണ്‍ 4 വിക്കറ്റും ഷെയ്ന്‍ വാട്സണ്‍ ഒരു വിക്കറ്റും സ്റ്റീവന്‍ സ്മിത് ഒരു വിക്കറ്റും കരസ്ഥമാക്കി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സിംബാബ്‌വെക്കെതിരെ മത്സരിച്ച അതേ ടീം തന്നെയാണ് ഓസീസിന് വേണ്ടി ഇന്നും ഇറങ്ങിയത്.