ചെന്നൈയില്‍ നടന്ന 108 കളിക്കാര്‍ അണിനിരന്ന ലേലത്തില്‍ 37 താരങ്ങളെ വിവിധ ടീമുകള്‍ സ്വന്തമാക്കി. മൊത്തം 1.189 കോടി ഡോളറാണ്(63 കോടിയിലേറെ രൂപ) ഇവര്‍ക്കുള്ള ലേല വാഗ്ദാനം.
പ്രതീക്ഷയുയര്‍ത്തിയ ഓസീസ് ബാറ്റ്‌സ്മാന്‍ ആറോണ്‍ ഫിഞ്ച്, ഫാസ്റ്റ് ബൗളര്‍ ക്ലിന്‍റ് മക്കേ, ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍, ദക്ഷിണാഫ്രിക്കയുടെ വെര്‍നോണ്‍ ഫിലാന്‍ഡര്‍ തുടങ്ങിയ മുന്‍നിരക്കാരെ വാങ്ങാന്‍ ആരുമുണ്ടായില്ല. യുവതാരങ്ങള്‍ക്കായിരുന്നു ഡിമാന്‍ഡ്. അഭിഷേക് നായര്‍ക്ക് പുണെ വാറിയേഴ്‌സ് മൂന്നരക്കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ജയ്‌ദേവ് ന് 2.7 കോടി രൂപയും പങ്കജിന് 79 ലക്ഷം രൂപയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നല്‍കും.
ഇരുപത്തിനാലുകാരനായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 5.3 കോടി രൂപയ്ക്കാണ് (10 ലക്ഷം ഡോളര്‍) നിത അംബാനിയുടെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ദശലക്ഷം ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെടുന്ന ഐപിഎല്ലിലെ ആദ്യതാരമെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിയഞ്ചുകാരനായ ഓള്‍റൗണ്ടര്‍ ക്രിസ്റ്റഫര്‍ മോറിസ്(ചെന്നൈ സൂപ്പര്‍കിങ്‌സ്-3.3 കോടി രൂപ), ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ സചിത്ര സേനാനായക (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-3.3 കോടി), ഓസ്‌ട്രേലിയയുടെ ഇരുപത്തിയഞ്ചുകാരന്‍ ഫാസ്റ്റ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ (മുംബൈ ഇന്ത്യന്‍സ്-2.4 കോടി രൂപ) ഇരുപത്തിയൊന്നുകാരനായ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (പുണെ വാറിയേഴ്‌സ്-3.7കോടി രൂപ) എന്നിവരാണ് ലേലത്തില്‍ മികവു കാട്ടിയ താരങ്ങള്‍.ലേലം ചെയ്യപ്പെട്ട 37 കളിക്കാരില്‍ 14 പേര്‍ മുമ്പ് ഐപിഎല്ലില്‍ കളിക്കാത്തവര്‍.
ലേലത്തില്‍ അണിനിരന്ന വമ്പന്‍മാരായ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനും അദ്ദേഹത്തിന്റെ മുന്‍ഗാമി റിക്കിപോണ്ടിങ്ങിനും കാര്യമായ പ്രതികരണമുണ്ടാക്കാനായില്ല. അടിസ്ഥാന വിലയായ നാലുലക്ഷം ഡോളറിനാണ്(2.1 കോടി രൂപ) ഇരുവരെയും യഥാക്രമം പുണെ വാറിയേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ സ്വന്തമാക്കിയത്. എന്നാല്‍, ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കാന്‍ സഹാര ഗ്രൂപ്പിന്റെ പുണെ വാറിയേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ രൂക്ഷമായ മത്സരം തന്നെ നടന്നു.