ആ രാത്രിയുടെ ചൂടും ആവേശവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരങ്ങളില്‍നിന്നും ഇനിയും വിട്ടകന്നിട്ടില്ല. ഐ പി എല്‍ കിരീടം നേടി ആവേശത്തിന്റെ കൊടുമുടിയിലെത്തിയ ആ രാത്രി മറക്കാനാവില്ലെന്ന് കൊല്‍ക്കത്തയുടെ താരം ലക്ഷ്മി രത്തന്‍ ശുക്ല പറയുന്നു.
“ത്രസിപ്പിക്കുന്ന രാത്രിയായിരുന്നു അത്. ഷാംപെയിന് ചീറ്റിയൊഴുക്കി, ഷര്‍ട്ട് ഊരിക്കറക്കി രാത്രി മുഴുവന്‍ ഡാന്‍സ് ചെയ്തു. ഞങ്ങള്‍ വളരെ എക്സൈറ്റഡായിരുന്നു” - കൊല്‍ക്കത്തയുടെ ഈ ഓള്‍റൌണ്ടര്‍ പറയുന്നു.
രണ്ടുതവണ ഐ പി എല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവരുടെ തട്ടകത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തകര്‍ത്തത്. കൊല്‍ക്കത്ത ടീം ഉടമ ഷാരുഖ് ഖാന് ഡാന്‍സിനും പാര്‍ട്ടിക്കും നേതൃത്വം കൊടുത്തു.
“ചില കളികളില്‍ പരാജയപ്പെടുമ്പോഴും ഷാരുഖ് ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. പോരാട്ടം തുടരുക, ഒരിക്കല്‍ വിജയം നമ്മളെ തേടിയെത്തുമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.” - ലക്ഷ്മി രത്തന്‍ ശുക്ല വെളിപ്പെടുത്തുന്നു.