ക്രിക്കറ്റില്‍ താരം പലപ്പോഴും ബാറ്റ്സ്മാനാണ്. കുട്ടിക്രിക്കറ്റിലാണെങ്കില്‍ പറയുകയും വേണ്ട. വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരാണ് എപ്പോഴും ആവേശത്തിരി കത്തിക്കുന്നത്. പക്ഷേ കളിയുടെ ഫലത്തില്‍ നിര്‍ണ്ണായകമാകുക ബൌളര്‍മാരുടെ പ്രകടനമാകും. ഒരു പന്ത് മതിയാകും ചിലപ്പോള്‍ വിജയം തട്ടിപ്പറിക്കാന്‍. അതിന് കുട്ടിക്രിക്കറ്റായാലും മാറ്റമില്ല. മികച്ച ബൌളര്‍മാരെ സ്വന്തമാക്കാന്‍ ഐ പി എല്‍ ടീമുകള്‍ മത്സരിച്ചതും അതുകൊണ്ടുതന്നെ.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലോകോത്തര ബൌളര്‍മാര്‍ അണിനിരന്നിട്ടുണ്ട്. മുത്തയ്യ മുരളീധരന്‍, ഹര്‍ഭജന്‍ സിംഗ്, മലിംഗ, സഹീര്‍ ഖാന്‍, ഷോണ്‍ ടൈറ്റ്....അങ്ങനെ ഒരു നിരതന്നെയുണ്ട്. വിക്കറ്റ് വേട്ടയില്‍ ഇവരെല്ലാം പലതവണ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചവരാണ്. പക്ഷേ ഐ പി എല്ലിലെത്തുമ്പോള്‍ കാര്യം ഇതല്ല. ഒരു ഇരുപത്തിയാറുകാരന്റെ പിന്നിലാകും ഇവരുടെ സ്ഥാനം. ഇന്ത്യയുടെ ആര്‍ പി സിംഗ് എന്ന രുദ്ര പ്രതാപ് സിംഗ് ആണ് ആ താരം.
ഐ പി എല്ലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ കൊയ്ത താരമാണ് ആര്‍ പി സിംഗ്. 64 വിക്കറ്റുകളുമായാണ് ആര്‍ പി സിംഗ് ജൈത്രയാത്ര തുടരുന്നത്. കുട്ടിക്രിക്കറ്റിന് അനുയോജ്യമായി പന്തെറിയുന്ന ഈ താരമിപ്പോള്‍ അണിയുന്നത് മുംബൈ ഇന്ത്യന്‍സിന്റെ തൊപ്പിയാണ്.
ഡക്കാന്‍ ചാര്‍ജേഴ്സിന്റെ കളിക്കാരനായിട്ടാണ് ആര്‍ പി സിംഗ് ഐ പി എല്ലില്‍ അരങ്ങേറുന്നത്. ഐ പി എല്ലിന്റെ രണ്ടാം സീസണില്‍ ആര്‍ പി സിംഗിന്റെ വിക്കറ്റ് വേട്ടയുടെ കൂടി കരുത്തിലാണ് ഡക്കാന്‍ ചാമ്പ്യന്‍മാരായത്. 16 മത്സരങ്ങളില്‍ നിന്നായി 23 ബാറ്റ്സ്മാന്‍മാരുടെ ജീവനാണ് ആര്‍ പി സിംഗ് കവര്‍ന്നത്. രണ്ടാം സീസണിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടവും ഈ താരത്തിന്റെ തന്നെ.
കുട്ടിക്രിക്കറ്റ് ലോകകപ്പിലേക്ക് ചുവടുവച്ചപ്പോള്‍ ഇന്ത്യയെ കിരീടമണിയിക്കാനും ആര്‍ പി സിംഗ് പന്തെറിഞ്ഞു. 2007ല്‍ നടന്ന പ്രഥമ ട്വെന്റി20 ലോകകപ്പ് ടീമില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ കളിക്കാരനായി. ഏഴ് മത്സരങ്ങളില്‍ നിന്നായി 12 വിക്കറ്റുകളായിരുന്നു ലോകകപ്പില്‍ സമ്പാദ്യം.
അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായ താരമാണ് ആര്‍ പി സിംഗ്. 2006 ജനുവരിയില്‍ പാകിസ്ഥാനെതിരെ ഫൈസലാബാദില്‍ നടന്ന മത്സരത്തില്‍ 5 വിക്കറ്റുകളാണ് ഈ താരം സ്വന്തമാക്കിയത്. 2005 സെപ്റ്റംബര്‍ 4ന് സിംബാബ്‌വെക്കെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. മൂന്നാം ഏകദിനത്തില്‍തന്നെ തന്റെ ആദ്യ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും നേടി.
വലംകയ്യന്‍മാരെ കുഴക്കുന്ന തരത്തില്‍ പന്തെറിയുന്ന താരമാണ് ആര്‍ പി സിംഗ്. ഇടംകയ്യന്‍ മീഡിയം പേസ് ബൌളറായ ആര്‍ പി സിംഗ് എറിയുന്ന ഔട്ട് സിംഗര്‍ വലംകയ്യന്‍ ബാറ്റ്സ്മാന്‍മാരുടെ ജീവനെടുക്കാന്‍ പോന്നതാണ്. ഇക്കാര്യം തന്നെയാണ് ഈ താരത്തിന്റെ ദൌര്‍ബല്യവും. കാരണം ഇടംകയ്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് അത്ര പ്രയാസകരമല്ലാതെ എതിരിടാനാകുന്ന ബൌളറാണ് ഈ താരം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച ഒരു ബൌളറെ തേടുന്ന ഈ സമയത്ത് വിജയത്തിലേക്ക് പന്തെറിയാന്‍ ആര്‍ പി സിംഗിനാകട്ടെ എന്ന് ആശംസിക്കാം.