ഐപി‌എല്‍ പാകിസ്ഥാനെ വേദനിപ്പിച്ചോ?

മുംബൈ| WEBDUNIA|
PRO
പാകിസ്ഥാനെ ഐപി‌എല്‍ വേദനിപ്പിച്ചോ? ഐപി‌എല്ലിലെ താരലേലത്തില്‍ തഴയപ്പെട്ട പാക് താരങ്ങളുടെ മറുപടി അതെ എന്ന ഉത്തരത്തിലേക്കാണ് വിരല്‍‌ചൂണ്ടുന്നത്. മുംബൈ ആക്രമണത്തിന് ശേഷം ഏറെ വഷളാ‍യിരുന്ന ഇന്ത്യ-പാക് കായിക ബന്ധത്തില്‍ മറ്റൊരു വിള്ളലാകും ഈ അവഗണന. പണം നഷ്ടപ്പെടുമെന്ന ആശങ്കയാണ് പാക് താരങ്ങളെ ഒഴിവാക്കാന്‍ ഐപി‌എല്‍ ഫ്രാഞ്ചൈസികളെ പ്രേരിപ്പിച്ചതെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയക്കളിയാണ് തങ്ങളെ കളത്തിന് പുറത്തിരുത്തിയതെന്ന നിഗമനത്തിലാണ് പാകിസ്ഥാനിലെ മിക്ക താരങ്ങളും.

സദ്യയ്ക്ക് വിളിച്ച് ഇലയിട്ട ശേഷം പാകിസ്ഥാന്‍ താരങ്ങളോട് ഊണില്ലെന്ന് പറയുകയായിരുന്നു ഐപി‌എല്‍. ഇന്ത്യയും ഐപി‌എല്ലും ഞങ്ങളെ കളിയാക്കുകയാണെന്നായിരുന്നു പാക് ട്വന്‍റി-20 ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ഇക്കുറി ഐപി‌എല്ലില്‍ മാന്യമായ തുകയ്ക്ക് വിറ്റുപോകുമെന്ന് പ്രതീ‍ക്ഷിച്ച താരമാണ് അഫ്രീദി. കാരണം ട്വന്‍റി-20 ലോകകപ്പ് പാകിസ്ഥാനിലെത്തിച്ചത് മുതല്‍ കുട്ടിക്രിക്കറ്റില്‍ അഫ്രീ‍ദിയുടെ മൂല്യം ഉയര്‍ന്ന സമയമാണിപ്പോള്‍. എന്നാല്‍ ഒരു താരത്തെ വിലയ്ക്കെടുക്കുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ തുകയ്ക്ക് (2,50,000 യു‌എസ് ഡോളര്‍) അപ്പുറം അഫ്രീദിക്ക് ആരും വിലപറഞ്ഞില്ല. ആദ്യ ഐപി‌എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടി കളിച്ച താരമാണ് അഫ്രീദി.

ഇക്കുറി ഐപി‌എല്ലിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പുള്ള മറ്റൊരു പാക് താരമായിരുന്നു അബ്ദുള്‍ റസാഖ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ റസാഖിനായി താല്‍‌പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ ക്രിക്കറ്റിനെയും വ്യക്തിത്വത്തെയും വേദനിപ്പിക്കുകയായിരുന്നു ഐപി‌എല്‍ എന്നായിരുന്നു തഴയപ്പെട്ട വാര്‍ത്തയറിഞ്ഞ് റസാഖിന്‍റെ പ്രതികരണം. രാഷ്ട്രീയം കലരാത്തതാണ് ഇന്ത്യയിലെ കായികരംഗമെന്നായിരുന്നു തന്‍റെ ധാരണയെന്നും റസാഖ് വേദനയോടെ പറഞ്ഞു.

പന്ത്രണ്ട് പാകിസ്ഥാന്‍ താരങ്ങളാണ് ഇക്കുറി ലേലപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആര്‍ക്കുവേണ്ടിയും ഐപി‌എല്‍ ഫ്രാഞ്ചൈസികള്‍ താല്‍‌പര്യം പ്രകടിപ്പിച്ചില്ല. ലേലത്തിലെടുത്താലും പാകിസ്ഥാന്‍ താരങ്ങള്‍ കളിക്കാനായി ഇന്ത്യയിലെത്തുമോ എന്ന ആശങ്കയായിരുന്നു ടീമുകളുടെ ഉള്‍‌വലിയലിന് കാരണം. പാകിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യയില്‍ കളിക്കാനെത്തിയാലും ശിവസേന പോലുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്താനുള്ള സാഹചര്യവും അവര്‍ മുന്‍കൂട്ടി കണ്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :