നേട്ടങ്ങളുടെ ശിഖരത്തില്‍ ധവാന്‍, ഇനി ലാറയ്ക്കൊപ്പം !

ശിഖര്‍ ധവാന്‍, ബ്രയാന്‍ ലാറ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, Shikhar Dhavan, Brian Lara, Virat Kohli, Muhammed Shami
Last Updated: ബുധന്‍, 23 ജനുവരി 2019 (20:39 IST)
പ്രവചിക്കാവുന്ന ഗെയിമല്ല ക്രിക്കറ്റ്. അതുപോലെ തന്നെ പ്രവചനാതീതമാണ് ശിഖര്‍ ധവാന്‍റെ ബാറ്റിംഗും. എപ്പോഴാണ് ആ ബാറ്റ് നിശബ്ദമാവുകയെന്നോ എപ്പോഴാണ് പൊട്ടിത്തെറിക്കുകയെന്നോ പറയുക അസാധ്യം. അതുകൊണ്ടുതന്നെ പലപ്പോഴും ശിഖര്‍ ധവാന് മുകളില്‍ അമിതപ്രതീക്ഷ പുലര്‍ത്താന്‍ ആരാധകര്‍ പോലും തയ്യാറല്ല. ചിലപ്പോള്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ധവാന്‍ മറ്റ് ചിലപ്പോള്‍ കളി തന്നെ സ്വന്തം പേരിലാക്കുന്നു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനം തന്നെ ഉദാഹരണം. വളരെ ചുരുങ്ങിയ സ്കോറിലൊതുങ്ങിയ ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മയോ കോഹ്‌ലിയോ വലിയ രീതിയില്‍ തിളങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് ശിഖര്‍ ധവാന്‍റെ ദിവസമായിരുന്നു. അനായാസമായി പടനയിച്ച ശിഖര്‍ധവാന്‍ പുറത്താകാതെ 75 റണ്‍സ് നേടി.

ഏകദിനത്തില്‍ 5,000 റൺസ് പിന്നിടുക എന്ന നാഴികക്കല്ലും നേപ്പിയറിലെ മക്‌ലീൻ പാർക്ക് വേദിയെ സാക്ഷിയാക്കി ശിഖർ ധവാൻ നിര്‍വഹിച്ചു. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരവും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ധവാൻ. 118 ഇന്നിങ്സുകളിൽനിന്നാണ് ധവാന്‍ 5,000 കടന്നത്. ഇക്കാര്യത്തില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാൻ‌ ലാറയ്ക്കൊപ്പമെത്തി ധവാന്‍.

ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഒന്നാമത്. 101 ഇന്നിങ്സുകളിൽനിന്നാണ് അം‌ല 5,000 പിന്നിട്ടത്. 114 ഇന്നിങ്സുകളിൽനിന്ന് 5000 റണ്‍സ് നേടിയ വിരാട് കോഹ്‍ലി, വിവിയൻ റിച്ചാർഡ്സ് എന്നിവരാണ് രണ്ടാം സ്ഥാനത്ത്. 119 ഇന്നിങ്സുകളിൽനിന്ന് 5,000 കടന്ന ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസന്‍ നോക്കിനില്‍ക്കെയാണ് 118 ഇന്നിങ്സുകളിൽനിന്ന് ധവാൻ 5000 നേടി മൂന്നാമതെത്തിയത്.

മൽസരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന പേസ് ബോളർ എന്ന നേട്ടം സ്വന്തമാക്കി. വെറും 56 മൽസരം മാത്രം കളിച്ച ഷമി, 59 മൽസരങ്ങളിൽനിന്ന് 100 വിക്കറ്റ് സ്വന്തമാക്കിയ ഇർഫാൻ പഠാന്റെ റെക്കോർഡാണ് ഷമി തകർത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :