മൌണ്ട് മോണ്‍ഗനുയി|
Last Modified ബുധന്‍, 30 ജനുവരി 2019 (15:45 IST)
ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയെക്കുറിച്ച് ആമുഖമൊന്നും ആവശ്യമില്ല. ഒരു മത്സരം നടക്കുമ്പോള്‍ അന്ന് രോഹിത് ശര്‍മയുടെ ദിവസമാണെങ്കില്‍ മറ്റ് കളിക്കാര്‍ക്ക് ആ കളിയില്‍ വലിയ സ്കോപ്പൊന്നും ഉണ്ടാകില്ല. സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയുമൊക്കെ ശീലമാക്കിയ രോഹിത് ഫോമില്‍ കളി തുടങ്ങിയാല്‍ പിന്നെ എതിര്‍ ടീമുകള്‍ കളിച്ചതുകൊണ്ടും കാര്യമില്ല.
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഒരു സംഭവമുണ്ടായി. ന്യൂസിലന്‍ഡിനെതിരെ കോഹ്‌ലിക്കൊപ്പം ചേര്‍ന്ന് പട നയിച്ചത് രോഹിത് ശര്‍മയാണല്ലോ. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. 62 റണ്‍സാണ് അതില്‍ രോഹിത് ശര്‍മയുടെ സംഭാവന.
രോഹിതിന്‍റെ ഇന്നിംഗ്സില്‍ രണ്ട് മെഗാ സിക്സറുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് ന്യൂസിലന്‍ഡിന്‍റെ പേസ് മെഷീനായ ലോക്കി ഫെര്‍ഗൂസന്‍റെ തീപാറുന്ന പന്തിലായിരുന്നു. 143 കിലോമീറ്റര്‍ വേഗതയില്‍ രോഹിത് ശര്‍മയുടെ തലയെ ലക്ഷ്യമാക്കി ഒരു ബൌണ്‍സറാണ് ഫെര്‍ഗൂസന്‍ എറിഞ്ഞത്. ഒന്ന് പകച്ച രോഹിത് ശര്‍മ ഉടന്‍ തന്നെ ഷോട്ട് പ്ലാന്‍ ചെയ്ത് നിലയുറപ്പിച്ചു. ബോള്‍ തലയ്ക്ക് മുകളിലെത്തിയതും അടിച്ചുപറത്തി. വളരെ കൃത്യതയുള്ള, ലക്‍ഷ്യബോധമുള്ള ഷോട്ട്. ആ പന്ത് ഗാലറിയിലെത്തുന്നത് കണ്ടവരെല്ലാം അന്ധാളിച്ചുപോയി. അമാനുഷികമായ ഒരു സിക്സര്‍ എന്നാണ് ഏവരും അതിനെ വിശേഷിപ്പിച്ചത്.
ഇത്രയും സ്പീഡില്‍ പാഞ്ഞുവരുന്ന ഒരു ബൌണ്‍സറിനെ നേരിടുമ്പോള്‍ സംഭവിക്കാവുന്ന പാകപ്പിഴകളൊന്നും ഇല്ലാത്ത ഒരു ഷോട്ടായിരുന്നു അത്. ബൌണ്‍സറുകളില്‍ സിക്സര്‍ പായിക്കുന്നത് വലിയ കാര്യമല്ല. എല്ലാ നല്ല ബാറ്റ്‌സമാന്‍മാരും ചെയ്യുന്നതാണ് അത്. പക്ഷേ, പലപ്പോഴും അത്തരം ഷോട്ടുകള്‍ എഡ്ജ് ചെയ്ത് സംഭവിക്കുന്നതാകാം. അല്ലെങ്കില്‍ ബാറ്റ്‌സ്മാന്‍ പ്ലാന്‍ ചെയ്യുന്നതില്‍ നിന്ന് ദിശതെറ്റി സംഭവിക്കുന്ന സിക്സറുകളാകാം. 143 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന ഒരു പന്തിനെ താന്‍ ഉദ്ദേശിക്കുന്നയിടത്തേക്ക് തന്നെ പുള്‍ ഷോട്ട് എടുത്ത് പറത്തിവിടാനുള്ള രോഹിത് ശര്‍മയുടെ കഴിവിനെ ‘അപാരം’ എന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
ആ സിക്സറിന് ശേഷമുള്ള ഫെര്‍ഗൂസന്‍റെ അവസ്ഥയാണ് പരിതാപകരം. കക്ഷി ആകെ പരിഭ്രമിച്ചുപോയി എന്ന് പറയാതെ വയ്യല്ലോ. മനുഷ്യര്‍ക്ക് സാധ്യമായ കളിയാണോ രോഹിത് ശര്‍മ കളിക്കുന്നതെന്നാണ് ഫെര്‍ഗൂസന്‍റെ സംശയം. വല്ലാത്തൊരു ഭയം ന്യൂസിലന്‍ഡിന്‍റെ സ്റ്റാര്‍ ബൌളറെ ബാധിച്ചുകഴിഞ്ഞതായും പറയേണ്ടതില്ലല്ലോ. ശേഷിക്കുന്ന മത്സരങ്ങളില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ക്യാപ്ടന്‍. അതിന്‍റെ ശൌര്യവും കൂടി തന്‍റെ മേല്‍ തീര്‍ക്കുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ എന്നാണ് പിന്നാമ്പുറ സംസാരം.