ചിപ്പി പീലിപ്പോസ്|
Last Modified ശനി, 18 ജനുവരി 2020 (14:30 IST)
വെറുതേ അങ്ങ് കീഴടങ്ങുന്ന ചരിത്രം ഇന്ത്യയ്ക്കില്ല.
ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിലെ തോൽവിക്ക് പലിശ സഹിതം കണക്ക് തീർത്ത ഇന്ത്യൻ ചുണക്കുട്ടികളെയാണ് രാജ്കോട്ടിൽ കണ്ടത്. ആദ്യ കളിയിൽ ഇന്ത്യയുടെ 10 വിക്കറ്റിന് തോൽപ്പിച്ച ഓസിസിന്റെ 10 വിക്കറ്റും രണ്ടാം കളിയിൽ എറിഞ്ഞിട്ട ഇന്ത്യൻ ബൌളർമാർ മാസല്ല മരണമാസാണ്.
എന്നാൽ, ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അന്തിമ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിനു ആശങ്ക സമ്മാനിക്കുന്ന വാർത്തകളാണ് ഡ്രസിങ് റൂമിൽ നിന്നും ലഭിക്കുന്നത്. പരിക്ക് സ്ഥിരം ശകുനമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ടീമിനു.
ആദ്യ ഏകദിനത്തിൽ തലയ്ക്ക് പരിക്കേറ്റ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത് മടങ്ങിയിരുന്നു. ഇപ്പോഴിതാ, പിന്നാലെ രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ മുൻ നിര താരങ്ങൾക്ക് പരിക്കേറ്റിരിക്കുകയാണ്. രാജ്ക്കോട്ടിൽ നടന്ന ഇന്ത്യൻ സംഹാര താണ്ഡവത്തിനിടെ ഓപ്പണർമാരായ ധവാനും രോഹിതിനുമാണ് പരിക്കേറ്റത്.
ബാറ്റിംഗിനിടെയായിരുന്നു ധവാന്റെ പരിക്ക്. ബാറ്റിംഗിനിടെ പന്ത് കൊണ്ട് ശിഖര്‍ ധവാന്റെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് . തുടർന്ന് ഫീൽഡിങ്ങിൽ ചാഹലാണ്
ധവാൻ പകരമെത്തിയത്. ലോകകപ്പിനിടെ പരിക്കേറ്റ് നീണ്ട നാളത്തെ വിശ്രമത്തിനു ശേഷം ഫോമിലേക്ക് തിരിച്ചെത്തിയതായിരുന്നു ധവാൻ. എന്നാൽ, ഇക്കഴിഞ്ഞ മത്സരത്തിലെ പരിക്ക് താരത്തെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കയോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്.
ഓസിസുമായുള്ള കലാശക്കൊട്ടിനു ധവാന് ഉണ്ടാകണമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ബൗണ്ടറി തടയുന്നതിനിടെ രോഹിതിനും പരിക്കേറ്റു. ഫീല്‍ഡിംഗിനിടെയായിരുന്നു 43-ആം ഓവറിൽ രോഹിതിന് പരിക്കേറ്റത്. ഒരു ബൗണ്ടറി തടയാന്‍ ഡൈവ് ചെയ്യുന്നതിനിടെ ഇടം കൈക്കായിരുന്നു പരിക്കേറ്റത്.
തുടർന്ന് രോഹിത് കളം വിട്ടു. എന്നാൽ, രോഹിതിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി അറിയിച്ചു. എന്നിരുന്നാലും അവസാന മത്സരത്തിൽ പന്തും ധവാനും രോഹിതും ഉണ്ടാകുമോയെന്ന ആകാംഷയിലാണ് ആരാധകർ.