‘കോച്ചടൈയാന്‍’ വീണ്ടും കുഴപ്പത്തില്‍, റിലീസ് മാറ്റി!

Last Modified ബുധന്‍, 7 മെയ് 2014 (18:45 IST)
രജനീകാന്തിന്‍റെ അനിമേഷന്‍ സിനിമ കോച്ചടൈയാന്‍റെ ജോലികള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ചിത്രത്തിന്‍റെ റിലീസ് തീയതി പലതവണ മാറ്റി. നൂറുകോടിക്ക് മേല്‍ ചെലവഴിച്ച ചിത്രം ഒടുവില്‍ മെയ് ഒമ്പതിന് ലോകമെങ്ങും പ്രദര്‍ശനത്തിനെത്തുമെന്ന് നിശ്ചയിച്ചു. ഇതിന്‍റെ പരസ്യങ്ങള്‍ മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം നിറഞ്ഞു. അഡ്വാന്‍സ് ബുക്കിംഗ് പോലും ആരംഭിച്ചു.

ഇപ്പോള്‍ കേള്‍ക്കുന്നത്, കോച്ചടൈയാന്‍ റിലീസ് വീണ്ടും മാറ്റിവച്ചു എന്നാണ്. നിര്‍മ്മാതാക്കളും ചില കേന്ദ്രങ്ങളിലെ വിതരണക്കാരുമായുള്ള തര്‍ക്കമാണത്രേ റിലീസ് നീട്ടിയതിന് കാരണം. ചില സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വന്നിട്ടില്ലത്രേ. മെയ് 23ന് ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചെന്നൈയിലെ പല മള്‍ട്ടിപ്ലക്സുകളും കോച്ചടൈയാന്‍റെ അഡ്വാന്‍സ് ബുക്കിംഗ് നിര്‍ത്തിവച്ചു. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോ വിതരണക്കാരോ ചിത്രത്തിന്‍റെ റിലീസ് മാറ്റിയതിനെക്കുറിച്ചോ എന്ന് റിലീസ് ചെയ്യും എന്നതിനെക്കുറിച്ചോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം, കോച്ചടൈയാന്‍ റിലീസ് മാറ്റിയതിന്‍റെ അവസരം മുതലെടുത്ത് ‘യാമിരുക്ക ഭയമേ’ എന്ന സിനിമ മെയ് 9ന് റിലീസ് ചെയ്യാനുള്ള ശ്രമം തകൃതിയായി നടന്നുവരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :