സ്ഫടികവും പ്രേമവും എന്ത് തെറ്റുചെയ്തു?

സ്ഫടികം, പ്രേമം, കോളജ്, ഓണാഘോഷം, മരണം, ചെകുത്താന്‍
ഡെനിസ് ഡേവിഡ്| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (18:00 IST)
ജനങ്ങളുടെ മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയും മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന മാധ്യമമാണോ സിനിമ? അക്കാര്യത്തില്‍ പണ്ടുമുതലേ രണ്ട് അഭിപ്രായമുണ്ട്. മനുഷ്യമനസില്‍ ഏറെ സ്വാധീനം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നും അതിനാല്‍ സിനിമാക്കാര്‍ സാമൂഹ്യപ്രതിബദ്ധത കൂടി കണക്കിലെടുത്തുവേണം സൃഷ്ടികള്‍ നടത്താനെന്നും മുമ്പ് ലോഹിതദാസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്രീനിവാസന് അങ്ങനെയല്ല അഭിപ്രായം.
 
കലകള്‍ക്കൊന്നും വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല എന്നാണ് ശ്രീനി എന്നും പറഞ്ഞിട്ടുള്ളത്. ‘വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത വായിച്ചിട്ടുള്ളവര്‍ക്ക് ആ കുട്ടിയുടെ ദുരവസ്ഥയില്‍ ദുഃഖം തോന്നിയിട്ടുണ്ട്. എന്നാല്‍ അതിനുശേഷവും പൂങ്കുല തല്ലുന്ന കുട്ടികളെ മാതാപിതാക്കള്‍ ശിക്ഷിച്ചിട്ടുമുണ്ട്’ - എന്ന് കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത് ശ്രീനിവാസന്‍റെ തന്നെ ചിന്താഗതിയാണ്. ഈ രണ്ട് ചിന്താഗതികളുടെ സംഘട്ടനം തുടരുമ്പോള്‍ തന്നെ, സമൂഹത്തില്‍ അരങ്ങേറുന്ന ചില ക്രൈമുകള്‍ക്ക് പിന്നില്‍ ചില സിനിമകളുടെ സ്വാധീനമുണ്ട് എന്ന ആരോപണത്തോട് യോജിക്കാന്‍ കഴിയില്ല.
 
സ്ഫടികം എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഓടിക്കുന്ന ‘ചെകുത്താന്‍’ എന്ന് പേരെഴുതിയ ലോറി, പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കോളജിലെ പെരുമാറ്റങ്ങളും വേഷവും - ഇതൊക്കെ നമ്മുടെ യുവതലമുറയെ സ്വാധീനിക്കുകയും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് എങ്ങനെ ആരോപിക്കാ‍ന്‍ കഴിയും? കോളജില്‍ ഓണാഘോഷ പരിപാടിക്കിടയില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്ഫടികവും പ്രേമവും എങ്ങനെ പ്രതിസ്ഥാനത്തെത്തും?
 
20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്ഫടികം എന്ന മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ചത്. അതിനുശേഷം ഇത്രയും കാലവും ഈ സിനിമയുടെ സ്വാധീനമെന്ന് ആരോപിക്കപ്പെട്ട് എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നതായി അറിവില്ല. അപ്പോള്‍ പിന്നെ കഴിഞ്ഞ ദിവസം ‘ചെകുത്താന്‍’ ലോറിയുമായി വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ വന്നതിന് സ്ഫടികത്തെ കുറ്റം പറയുന്നതെങ്ങനെ? പ്രേമത്തില്‍ നായകകഥാപാത്രമായ ജോര്‍ജ്ജ് കാമ്പസില്‍ മദ്യപിച്ച് വരുന്നതും ലുങ്കിയുടുക്കുന്നതുമൊക്കെ ആരെങ്കിലും അനുകരിക്കാന്‍ ശ്രമിച്ചാല്‍ അതിന് സിനിമയും ബന്ധപ്പെട്ടവരും കുറ്റക്കാരാവുന്നതെങ്ങനെ?
 
ഇനി, സമൂഹത്തില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ക്കൊക്കെ ഏതെങ്കിലും സിനിമയ്ക്ക് ക്രഡിറ്റ് നല്‍കാന്‍ ആരെങ്കിലും ശ്രമിച്ചതായി അറിയാമോ? മനസിലാക്കേണ്ടത്, സിനിമ എന്നത് മറ്റെല്ലാത്തിലുമുപരി ഒരു വിനോദമാധ്യമമാണ്. കാഴ്ചക്കാരെ രസിപ്പിക്കുക എന്നതാണ് അതിന്‍റെ പ്രാഥമികവും അന്തിമവുമായ ധര്‍മ്മം. അല്ലാതെ, എന്തെങ്കിലുമൊരു സന്ദേശം പകര്‍ന്നുനല്‍കി സമൂഹത്തെയാകെ നന്നാക്കിക്കളയാമെന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടോ എന്നറിയില്ല. സ്പിരിറ്റ് സിനിമ കണ്ട മദ്യപര്‍ പിന്നീട് മദ്യപിക്കാതിരുന്നിട്ടുണ്ടോ? ഇന്ത്യന്‍ എന്ന ചിത്രം കണ്ട അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ അതിനുശേഷം കൈക്കൂലി വാങ്ങാതിരുന്നിട്ടുണ്ടോ?
 
ദൃശ്യം സിനിമ ഇറങ്ങിയതിനുശേഷമുണ്ടായ കുറ്റകൃത്യങ്ങള്‍ക്കെല്ലാം കാരണം ആ സിനിമയാണെന്ന രീതിയിലുള്ള പ്രചരണങ്ങളെയും ഇപ്പോള്‍ ഓര്‍ക്കുന്നു. സിനിമ വെറും സിനിമ മാത്രമാണ്. പല രീതിയിലുള്ള ഹീറോയിസം കാണിക്കുന്നതുകൊണ്ടാണ് സിനിമയിലെ കഥാപാത്രങ്ങള്‍ ഹീറോകളായി നില്‍ക്കുന്നത്. സിനിമ കണ്ട് ആവേശം കയറി 100 പേരെ ഇടിച്ചുപറത്താനോ ആയിരം കിലോ ഭാരമുള്ള പ്രതിമ ഒരുകൈയാല്‍ താങ്ങിനിര്‍ത്താനോ ഒക്കെ ശ്രമിച്ചാല്‍ എന്താവും സ്ഥിതി എന്ന് പറയേണ്ടതില്ലല്ലോ. 
 
കുറ്റകൃത്യങ്ങള്‍ക്ക് സിനിമ ഒരു കാരണമായി കാണുന്നവര്‍ യഥാര്‍ത്ഥ കുറ്റകൃത്യത്തിന്‍റെ ഗൌരവം മനസിലാക്കാതെ പോകുകയാണ്. ഒരാള്‍ കുറ്റം ചെയ്യാന്‍ തീരുമാനിച്ചു എന്നതാണ് പ്രധാനം. അതിന് അയാള്‍ ഏതെങ്കിലും സിനിമയിലെ ഏതെങ്കിലും സീന്‍ മാര്‍ഗമാക്കിയോ എന്നതല്ല. കുറ്റകൃത്യങ്ങള്‍ ഉടലെടുക്കുന്ന മനസുകള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലാണ് പഠനങ്ങള്‍ വേണ്ടത്. അവിടെയാണ് തിരുത്തലുകള്‍ പരീക്ഷിക്കേണ്ടത്. അല്ലാതെ രസിപ്പിക്കല്‍ ധര്‍മം മാത്രം ലക്‍ഷ്യമുള്ള സിനിമയെ കുറ്റം പറഞ്ഞിട്ട് എന്ത് നേട്ടം?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :