ഷങ്കര്‍ ഒരുങ്ങുന്നു, രജനിയെയും കമലിനെയും ഒന്നിപ്പിക്കാന്‍ !

WEBDUNIA|
PRO
രജനീകാന്തും കമലഹാസനും ഒന്നിക്കുന്നു ! ഇന്ത്യന്‍ സിനിമയിലെ ഈ അത്ഭുതപ്രതിഭാസങ്ങള്‍ ഒരുമിച്ചഭിനയിക്കുന്ന സിനിമ ഉടന്‍ സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഷങ്കര്‍ ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന.

കമലഹാസനുമൊന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം രജനീകാന്ത് പ്രകടിപ്പിച്ചെന്നും ഉടന്‍ തന്നെ കമല്‍ അതിന് സമ്മതം മൂളിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമലും രജനിയും ഒരുമിക്കുന്ന ഒരു സിനിമ ചെയ്യണമെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ഷങ്കര്‍ മാത്രമേ അതിന് പ്രാപ്തനായുള്ളൂ എന്നും അതുകൊണ്ടുതന്നെ വമ്പന്‍ നിര്‍മ്മാണക്കമ്പനികള്‍ ഈ ത്രയത്തിനായി സമ്മര്‍ദ്ദം ചെലുത്തിവരികയാണെന്നുമാണ് വിവരം.

ഏറ്റവും കുറഞ്ഞത് 500 കോടി രൂപ മുതല്‍ മുടക്കിലായിരിക്കും ഈ പ്രൊജക്ട് ഒരുങ്ങുക എന്നാണ് കോടമ്പാക്കത്തെ സംസാരം. സണ്‍ പിക്ചേഴ്സ് ഉള്‍പ്പടെയുള്ള നിര്‍മ്മാണരംഗത്തെ ഭീമന്‍‌മാര്‍ ഈ പ്രൊജക്ടിനായി ചരടുവലികള്‍ ശക്തമാക്കിയിരിക്കുകയാണ്.

രജനീകാന്ത് ഇപ്പോള്‍ കൊച്ചടിയാന്‍റെ തിരക്കിലാണ്. ‘വിശ്വരൂപം’ ഫൈനല്‍ ടച്ചിലാണ് കമലഹാസന്‍. വിക്രം നായകനാകുന്ന ‘ഐ’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് ഷങ്കര്‍. ഇവര്‍ മൂവരുടെയും ഇപ്പോഴത്തെ തിരക്കുകള്‍ അവസാനിച്ചുകഴിഞ്ഞാല്‍ ആ മഹാസംഭവം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സിനിമാലോകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :