പൃഥ്വിരാജ് നായകനായ ‘ലണ്ടന്‍ ബ്രിഡ്ജ്’ ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിയുടെ ഡേറ്റ് പ്രശ്നം മൂലം അനിശ്ചിതാവസ്ഥയിലായ സിനിമയ്ക്ക് എന്തായാലും ഉടന്‍ തന്നെ ശാപമോക്ഷം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് പൂര്‍ണമായി ലണ്ടനില്‍ ചിത്രീകരിച്ച ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അറിയുന്നു.
ഓണച്ചിത്രമായി റിലീസ് ചെയ്യാനിരുന്ന സിനിമ പിന്നീട് സെപ്റ്റംബര്‍ 25ലേക്കും ഒടുവില്‍ ഒക്ടോബര്‍ 25ലേക്കും മാറ്റിയിരുന്നു. ഒടുവില്‍ ഇത് എന്ന് റിലീസ് ചെയ്യുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സ്ഥിതിയായി. അനില്‍ സി മേനോനാണ് ലണ്ടന്‍ ബ്രിഡ്ജ് സംവിധാനം ചെയ്തിരിക്കുന്നത്.
പൃഥ്വിരാജിന്‍റെ തിരക്കാണ് ലണ്ടന്‍ ബ്രിഡ്ജിനെ കുഴപ്പത്തിലാക്കിയത്. ഈ സിനിമയ്ക്ക് നല്‍കിയിരുന്ന ഡേറ്റുകള്‍ ‘കാവ്യ തലൈവന്‍’ എന്ന തമിഴ് സിനിമയ്ക്കായി മറിച്ചുനല്‍കിയതാണ് പ്രശ്നമായത്. പൃഥ്വിരാജിന്‍റെ ഡ്രീം പ്രൊജക്ടാണ് കാവ്യ തലൈവന്‍. സൂപ്പര്‍ സംവിധായകന്‍ വസന്തബാലന്‍ ഒരുക്കുന്ന ചരിത്ര സിനിമ. അതിന്‍റെ ഷൂട്ടിംഗ് പെട്ടെന്ന് ആരംഭിച്ചപ്പോള്‍ പൃഥ്വിക്ക് ലണ്ടന്‍ ബ്രിഡ്ജ് മാറ്റിവയ്ക്കേണ്ടിവന്നു.
ലണ്ടന്‍ ബ്രിഡ്ജ് സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സിന് ക്രിസ്മസ് റിലീസായി സത്യന്‍ അന്തിക്കാടിന്‍റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യുണ്ട്. അതുകൊണ്ടുതന്നെ, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പെട്ടെന്ന് തീര്‍ന്നാലും ലണ്ടന്‍ ബ്രിഡ്ജ് 2014ല്‍ മാത്രമേ റിലീസ് ചെയ്യൂ.
‘മാസ്റ്റേഴ്സ്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാമാണ് ലണ്ടന്‍ ബ്രിഡ്ജിനും തിരക്കഥ രചിച്ചിരിക്കുന്നത്. ആന്‍ഡ്രിയയും നന്ദിതയും നായികമാരാകുന്ന സിനിമ ഒരു ട്രയാംഗിള്‍ ലവ് സ്റ്റോറിയാണ്. ലണ്ടനിലെ ധനികനായ ബിസിനസുകാരനായി പ്രതാപ് പോത്തന്‍ അഭിനയിക്കുന്നു. അദ്ദേഹത്തിന്‍റെ മകളുടെ വേഷമാണ് ആന്‍ഡ്രിയയ്ക്ക്. ഒരു നഴ്സ് കഥാപാത്രമായി നന്ദിതയെത്തുന്നു. മുകേഷ്, ലെന, പ്രേംപ്രകാശ്, സുനില്‍ സുഗത തുടങ്ങിയവരും ലണ്ടന്‍ ബ്രിഡ്ജിന്‍റെ ഭാഗമാണ്.