‘മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍’ ചിത്രം രഞ്ജിത് മാറ്റിവച്ചു!
WEBDUNIA|
PRO
മഞ്ജു വാര്യരുടെ മടങ്ങിവരവ് വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. മോഹന്‍ലാലിന്‍റെ നായികയായി രഞ്ജിത് ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങിവരുന്നതെന്ന് മഞ്ജു തന്നെയാണ് ലോകത്തെ അറിയിച്ചത്. എന്നാല്‍ ആ പ്രൊജക്ട് അനിശ്ചിതാവസ്ഥയിലായതായി റിപ്പോര്‍ട്ട്. ആ സിനിമ ഉടന്‍ ചെയ്യാനാവില്ലെന്ന് രഞ്ജിത് അറിയിച്ചതായാണ് വിവരം. ഇതോടെ മഞ്ജു വാര്യര്‍ മടങ്ങിവരുന്നത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലൂടെയായിരിക്കുമെന്നാണ് സൂചന.
അടുത്തകാലത്ത് രഞ്ജിത് സംവിധാനം ചെയ്ത സിനിമകള്‍ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നിരുന്നില്ല. ‘സ്പിരിറ്റ്’ കഷ്ടിച്ച് രക്ഷപ്പെട്ട് പോയപ്പോള്‍ ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ ബോക്സോഫീസില്‍ മൂക്കുകുത്തി. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഒരുക്കിയ തിരക്കഥ തന്നെയായിരുന്നു രഞ്ജിത് ചിത്രങ്ങള്‍ക്ക് വിനയായത്. അതുകൊണ്ടുതന്നെ അടുത്ത സിനിമ ചെയ്യുമ്പോള്‍ അതിന് കെട്ടുറപ്പുള്ള ഒരു തിരക്കഥ ആവശ്യമാണെന്ന് മറ്റാരേക്കാളും നന്നായി ബോധ്യമുള്ളത് രഞ്ജിത്തിന് തന്നെയാണ്.
മഞ്ജുവാര്യരുടെ മടങ്ങിവരവിന് വേണ്ടി ഒരു സിനിമ ചെയ്യുന്നതിനേക്കാള്‍ ഒരു നല്ല സിനിമ ചെയ്യുക എന്നതുതന്നെയാണ് ഗുണകരമെന്ന നിലപാടില്‍ രഞ്ജിത് എത്തിയതായാണ് അറിയാന്‍ കഴിയുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിക്കുന്ന ഒരു സിനിമ വലിയ പ്രതീക്ഷയുണര്‍ത്തുമെന്നും അതിനൊത്ത് ഉയരാന്‍ ചിത്രത്തിന് കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടി ലഭിക്കുമെന്നും ഉറപ്പാണ്. അതുകൊണ്ടുതന്നെ ശക്തമായ ഒരു തിരക്കഥയില്‍ ആ പ്രൊജക്ട് ചെയ്യാനാണ് രഞ്ജിത്തിന്‍റെ തീരുമാനമെന്നറിയുന്നു.
എന്നാല്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കാനൊന്നും രഞ്ജിത് തയ്യാറല്ല. ആവശ്യമായ സമയമെടുത്ത് ഒരു ഗംഭീര സിനിമയൊരുക്കുക എന്നതുതന്നെയാണ് ലക്‍ഷ്യം. അപ്പോള്‍ പിന്നെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മഞ്ജു വാര്യരുടെ ആദ്യ ചിത്രമാകും. രണ്ടാം വരവ് മോഹന്‍ലാലിനൊപ്പം ആകാന്‍ ആഗ്രഹിച്ച മഞ്ജു വാര്യര്‍ക്ക് കുഞ്ചാക്കോ ബോബന്‍റെ നായികാവേഷം കൊണ്ട് തൃപ്തിയടയേണ്ടിവരും.