രാജാധിരാജ - ബോക്സോഫീസ് ഭരിക്കാന്‍ മമ്മൂട്ടി!

Last Modified വ്യാഴം, 29 മെയ് 2014 (19:04 IST)
രാജമാണിക്യം പോലെ, പോക്കിരിരാജ പോലെ ബോക്സോഫെസ് അടക്കിഭരിക്കാന്‍ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ‘രാജാധിരാജ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ അജയ് വാസുദേവനാണ് സംവിധാനം ചെയ്യുന്നത്. തകര്‍പ്പന്‍ കോമഡി - ആക്ഷന്‍ എന്‍റര്‍ടെയ്നറായ ഈ സിനിമയ്ക്ക് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് തിരക്കഥ രചിക്കുന്നത്. ജൂണ്‍ ഒമ്പതിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ സെപ്റ്റംബര്‍ ഏഴിന് ഓണം റിലീസായി പ്രദര്‍ശനത്തിനെത്തും.

താടിയും പിരിച്ച മീശയും പിറകിലേക്ക് നീട്ടിവളര്‍ത്തിയ മുടിയുമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസിലെ തകര്‍പ്പന്‍ ലുക്കിന് ശേഷം ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടേത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുക.

മമ്മൂട്ടിയുടെ കഥാപാത്രത്തേക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലക്‍ഷ്മി റായിയാണ് ചിത്രത്തിലെ നായിക. എ
സി വി ഫിലിംസിന്‍റെ ബാനറില്‍ വിനോദ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജോജു ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ സന്തത സഹചാരിയായി എത്തുന്നു.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര കോമഡിയും ഉള്ള ഈ സിനിമയുടെ സ്റ്റണ്ട് സംവിധാനം അനല്‍ അരശ് ആണ്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.

ഷാഫി, റോഷന്‍ ആന്‍ഡ്രൂസ്, വൈശാഖ്, ജോണി ആന്‍റണി എന്നിവരുടെ സംവിധാനസഹായി ആയിരുന്ന അജയ് വാസുദേവന്‍ വൈശാഖിന്‍റെ രീതിയിലുള്ള സിനിമകള്‍ സംവിധാനം ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. അത്തരത്തിലുള്ള ആദ്യ ശ്രമമാണ് രാജാധിരാജ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :