ദിലീപിന് ആശ്വാസമായി കമലിന്റെ ആഗതന്‍

Agathan
WEBDUNIA|
PRO
PRO
ഹിറ്റുകളില്ലാത്ത നീണ്ട ഇടവേള അനുഭവിക്കേണ്ടി വന്ന ദിലീപിന് ആശ്വാസം പകരാന്‍ സിദ്ദിക്കിന്റെ ബോഡീഗാര്‍ഡിനൊപ്പം കമലിന്റെ ‘ആഗതന്‍’ എന്ന സിനിമയും. കേരളത്തിലുടനീളം തരക്കെടില്ലാത്ത സ്വീകരണമാണ് ആഗതന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോറടിപ്പിക്കാത്ത ഗാനങ്ങളും നല്ല ക്യാമറാവര്‍ക്കും സത്യരാജിന്റെയും ദിലീപിന്റെയും മികച്ച പ്രകടനവും ആഗതന്റെ പ്ലസ് പോയിന്റുകളാണ്. വാലന്റൈന്‍ ദിനത്തില്‍ റിലീസായ ഈ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

വമ്പന്‍ ഹിറ്റാകാന്‍ സാധ്യതയില്ലെങ്കിലും പ്രേക്ഷകരെ വലുതായി ബോറടിപ്പിക്കാത്ത ഒരു സിനിമ സമ്മാനിക്കാനായതില്‍ ദിലീപിന് ആശ്വസിക്കാം.

കാശ്മീരില്‍ വച്ച്, ഒരു തീവ്രവാദി ആക്രമണത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടുപോയ ഗൌതം മേനോനെയാണ് ദിലീപിതില്‍ അവതരിപ്പിക്കുന്നത്. ഗൌതം മേനോനും ചേച്ചിയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും സത്യരാജ് അവതരിപ്പിക്കുന്ന ഹരീന്ദ്ര വര്‍മയുടെ കമാണ്ടോ സംഘത്തില്‍ പെട്ടവര്‍ ചേച്ചിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഇതിന് പ്രതികാരം ചെയ്യാന്‍ ഹരീന്ദ്രവര്‍മയുടെ മകളെ പ്രണയിക്കുന്നതായി അഭിനയിച്ച് വലയില്‍ വീഴ്ത്തുന്ന ഗൌതമന്റെ നീക്കങ്ങളും പരിണിത ഫലങ്ങളുമാണ് ‘ആഗതന്‍’ പറയുന്നത്.

പ്രവചിക്കാവുന്ന കഥയാണെങ്കിലും ആഗതനെ തരക്കേടില്ലാത്തൊരു സിനിമയാക്കാന്‍ കമലിന് കഴിഞ്ഞിട്ടുണ്ട്. കലവൂര്‍ രവികുമാറിന്റേതാണ് കഥ. ദിലീപിനും സത്യരാജിനുമൊപ്പം ലാല്‍, ബിജുമേനോന്‍, ഇന്നസെന്റ്, ചാര്‍മി, സറീന വഹാബ് എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. ആഗതന്റെ മനോഹരമായ ക്യാമറാവര്‍ക്കിന് പിന്നില്‍ അജയന്‍ വിന്‍സെന്റാണ്.

തമിഴ് നടനായ സത്യരാജ് ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണിത്. മികച്ച അഭിനയപാടവമാണ് സത്യരാജ് കാഴ്ചവച്ചിരിക്കുന്നത്. പഴശ്ശിരാജയിലെ അഭിനയമികവാണ് ശരത്‌കുമാറിന് മലയാളത്തില്‍ ചാന്‍സുകള്‍ കൊണ്ടുവന്നത്. അതുപോലെ തന്നെ, ആഗതനിലെ മികച്ച പ്രകടനം സത്യരാജിനും മലയാളത്തില്‍ ചാന്‍സുകള്‍ ഒരുക്കിക്കൊടുത്തേക്കും.

ഇപ്പോള്‍ എ ക്ലാസ് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഏറ്റവും പുതിയ സിനിമകളില്‍ മികച്ചതുതന്നെയാണ് ആഗതന്‍. മമ്മൂട്ടിയുടെ ദ്രോണ ഒരു മോശം പടമെന്ന പബ്ലിസിറ്റി നേടിയെടുത്തുകഴിഞ്ഞു. മറ്റ് സൂപ്പര്‍താരങ്ങളുടെ മുഖ്യധാരാ ചിത്രങ്ങളൊന്നും തീയേറ്ററുകളില്‍ ഇല്ലതാനും. ഈ സാഹചര്യത്തില്‍ കമലും ദിലീപും ഒരുക്കിയ ഈ ശരാശരി പടം വിജയിച്ചേക്കാന്‍ സാധ്യത ഏറെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :