Last Updated:
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (20:21 IST)
ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തമിഴിന്‍റെ താരറാണി ഹന്‍സിക മൊട്‌വാണി മലയാളത്തിലെത്തുന്നു. ദിലീപാണ് ചിത്രത്തിലെ നായകന്‍. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം ചിത്രത്തിന് തിരക്കഥ രചിക്കുമെന്നാണ് വിവരം.
ഇത് 'റണ്‍വേ'യുടെ രണ്ടാം ഭാഗമായ 'വാളയാര്‍ പരമശിവം' എന്ന പ്രൊജക്ടാണെന്ന് സൂചനയുണ്ട്. 10 കോടിയിലേറെ ചിലവുള്ള ഒരു സൂപ്പര്‍ ആക്ഷന്‍ എന്‍റര്‍ടെയ്നറിനാണ് ജോഷി ഒരുങ്ങുന്നത്.
ജോഷിയുടെ കഴിഞ്ഞ ചിത്രമായ അവതാരത്തില്‍ ദിലീപിന് നായികയായെത്തിയത് തമിഴിലെ സൂപ്പര്‍ നായിക ലക്ഷ്മി മേനോന്‍ ആയിരുന്നു. ആ സിനിമ പക്ഷേ തിയേറ്ററുകളില്‍ പരാജയമായി. എന്തായാലും ഹന്‍സികയ്ക്ക് മലയാളത്തില്‍ ഒരു മികച്ച തുടക്കത്തിനുള്ള സാധ്യതയാണ് ജോഷി ചിത്രത്തിലൂടെ ലഭിക്കുന്നത്.
സമീപകാലത്ത് ദിലീപ് ചിത്രങ്ങള്‍ക്ക് വളരെ മോശം സ്വീകരണമാണ് ലഭിക്കുന്നത്. അവതാരത്തിന് പിന്നാലെ എത്തിയ വില്ലാളിവീരനും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞതോടെ ദിലീപിന്‍റെ നില കൂടുതല്‍ പരുങ്ങലിലായി. 'വാളയാര്‍ പരമശിവം' ദിലീപിന്‍റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് പ്രതീക്ഷിക്കാം.