പൃഥ്വിരാജ് തന്‍റെ കരിയറിനെ ഡിസൈന്‍ ചെയ്തു വരികയാണ്. വ്യത്യസ്തമായ കഥ, വ്യത്യസ്തമായ സിനിമ, വ്യത്യസ്തമായ കഥാപാത്രം എന്ന സമവാക്യമാണ് പൃഥ്വി ഉള്‍ക്കൊണ്ടിരിക്കുന്നത്. താന്തോന്നിയില്‍ അഭിനയിക്കുന്ന പൃഥ്വിരാജ് തന്നെ ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘വീട്ടിലേക്കുള്ള വഴി’യിലും അഭിനയിക്കുന്നു. തന്‍റെ ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കാലം സൃഷ്ടിക്കുകയാണ് ഈ യുവതാരത്തിന്‍റെ ലക്‍ഷ്യം.
പൃഥ്വിയെ ചുറ്റിപ്പറ്റിയുള്ള പുതിയ വാര്‍ത്ത അദ്ദേഹം ഒരു ത്രില്ലര്‍ സിനിമയുടെ കരാറില്‍ ഒപ്പിട്ടു എന്നാണ്. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൃഥ്വിയെ നായകനാക്കി ഒരുങ്ങുന്നത്. ഒരു കോമഡി ത്രില്ലറാണ് ദീപു പ്ലാന്‍ ചെയ്യുന്നത്. അനന്താ വിഷന്‍റെ ബാനറില്‍ പി കെ മുരളീധരനും ശാന്താമുരളിയും ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കും.
വിന്‍റര്‍, ക്രേസി ഗോപാലന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ദീപു വളരെ വ്യത്യസ്തമായ ഒരു തിരക്കഥയാണ് തന്‍റെ പുതിയ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. വിന്‍റര്‍ വിജയമായില്ലെങ്കിലും ക്രേസി ഗോപാലന്‍ ഹിറ്റായതോടെ ദീപുവിനെത്തേടി ഒട്ടേറെ ഓഫറുകളാണ് എത്തുന്നത്. എന്തായാലും ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു ത്രില്ലറായിരിക്കും തന്‍റെ പുതിയ ചിത്രമെന്ന് ദീപു പറയുന്നു.
ഗൌരീശങ്കരം, ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, റോബിന്‍ഹുഡ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച കമ്പനിയാണ് അനന്താവിഷന്‍. പൃഥ്വി തന്നെയാണ് ദീപുവിനെ അനന്താവിഷനുമായി അടുപ്പിച്ചതെന്നാണ് അറിയുന്നത്.