Last Modified ശനി, 19 ജൂലൈ 2014 (18:21 IST)
മലയാള ചിത്രം ദൃശ്യത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഹിന്ദി സിനിമാ നിര്‍മ്മാതാവ് ഏക്‍താ കപൂര്‍ ലീഗല്‍ നോട്ടീസ് അയച്ചു. ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥ കോപ്പിയടിച്ചു എന്നാണ് ലീഗല്‍ നോട്ടീസിലെ അവകാശവാദം. ഈ നോവല്‍ സിനിമയാക്കുന്നതിനുള്ള അവകാശം താന്‍ വാങ്ങിയതാണെന്നും ലീഗല്‍ നോട്ടീസില്‍ ഏക്‍താ കപൂര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥയോട് സാമ്യമുള്ള കഥാരൂപമാണ് ദൃശ്യത്തിന്‍റേതും. എന്നാല്‍ അത് യാദൃശ്ചികമാണെന്നും കോപ്പിയടി നടന്നിട്ടില്ലെന്നും പൂര്‍ണമായും തന്‍റെ കഥയാണെന്നും നേരത്തേ തന്നെ സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥാസാരം ഇതാണ് - യസുകോ ഹനകോവ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. ഏകമകള്‍ മിസാട്ടോയുമുണ്ട് അവള്‍ക്കൊപ്പം. ഒരു ദിവസം യസുകോയുടെ ഭര്‍ത്താവ് തൊഗാഷി അവരുടെ വീട്ടിലെത്തുകയും പണം ആവശ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തിനിടെ തൊഗാഷി മരിക്കുന്നു. അമ്മയും മകളും പരിഭ്രാന്തരാകുന്നു. അയല്‍ക്കാരനായ മധ്യവസ്കന്‍ ഇഷിഗാമി ഈ സമയം അവിടെയെത്തുകയും മൃതദേഹം ഒളിപ്പിക്കാന്‍ മാത്രമല്ല, കൊലപാതകത്തിന്‍റെ ലക്ഷണങ്ങള്‍ പോലും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗണിതാധ്യാപകനായ ഇഷിഗാമി ഗണിത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ക്രൈം കവറപ്പ് ചെയ്യുന്നത്.
ഈ നോവല്‍ ജാപ്പനീസ് ഭാഷയില്‍ സിനിമയായി പുറത്തിറങ്ങിയിട്ടുണ്ട്. വിദ്യാബാലന്‍, നസിറുദ്ദീന്‍ ഷാ എന്നിവരെ ഉള്‍പ്പെടുത്തി സിനിമ ഹിന്ദിയില്‍ നിര്‍മ്മിക്കാനാണ് ഏക്‍താ കപൂര്‍ ലക്‍ഷ്യമിട്ടിരുന്നതെന്നാണ് സൂചന.
ഏക്‍തയുടെ ടീം അടുത്തിടെയാണത്രേ 'ദൃശ്യം' കാണാനിടയായത്. മലയാളത്തില്‍ മെഗാഹിറ്റായ സിനിമയുടെ കന്നഡ, തെലുങ്ക് പതിപ്പുകളും വന്‍ ഹിറ്റുകളായിരുന്നു. ഉടന്‍ തന്നെ കമല്‍ഹാസനെ നായകനാക്കി തമിഴില്‍ ജീത്തു ജോസഫ് ദൃശ്യം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയുമാണ്. ഈ സാഹചര്യത്തിലാണ് കോപ്പിയടി ആരോപണവുമായി ഏക്‍താ കപൂര്‍ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.