Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (17:46 IST)
കള്ളപ്പണക്കാരനായ ഒരു ബിസിനസുകാരന്. അയാളുടെ അധോലോക ബന്ധങ്ങള്‍. അവിഹിത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍. കമല്ഹാസന് ഇനി ജീവന് പകരാന്‍ പോകുന്ന കഥാപാത്രം ഇതാണ്.
ഒരു അണ്ടര്‍വേള്‍ഡ് പൊളിറ്റിക്കല്‍ ത്രില്ലറാണിപ്പോള് കമലിന്റെ മനസില്‍. കമല്‍ തന്നെയാണ് തിരക്കഥയും സംവിധാനവും. ചിത്രീകരണം നവംബറില്‍ ആരംഭിച്ച് അഞ്ചുമാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കും.
ബോളിവുഡ് നിര്‍മ്മാതാക്കളായ വീരേന്ദര്‍ അറോറയും അര്ജുന് കെ കപൂറുമാണ് ഈ സിനിമയ്ക്ക് പണം മുടക്കുന്നത്. കമല്‍ഹാസനും സഹനിര്മ്മാതാവായിരിക്കും.
അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതിക വിദഗ്ധരായിരിക്കും പിന്നണിയില്‍ പ്രവര്‍ത്തിക്കുക. കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കും ഇത്. മൌറീഷ്യസായിരിക്കും ഒരു പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കമല്ഹാസന് നായകനാകുന്ന ഉത്തമ വില്ലന്‍ പ്രദര്‍ശനത്തിന് തയ്യാറായി. അതിന് ശേഷം വിശ്വരൂപം 2, പാപനാശം എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. ബോളിവുഡിലെ വമ്പന്‍ ഹിറ്റായ 'പി കെ' തമിഴില്‍ റീമേക്ക് ചെയ്യുന്നതും കമല്‍ഹാസനാണ്.