രേണുക വേണു|
Last Modified വ്യാഴം, 8 ഓഗസ്റ്റ് 2024 (13:21 IST)
കെ.ജി.എഫ് താരം യാഷും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ബെംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. പൂജ ചടങ്ങില്‍ യാഷ് പങ്കെടുത്തു. 2023 ഡിസംബറിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 'ടോക്‌സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്‌സ്' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിനു നല്‍കുന്ന വിശേഷണം.
പ്രധാനമായും കന്നഡ ഭാഷയിലാണ് ചിത്രം ഒരുക്കുന്നത്. കെ.വി.എന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. 2025 ല്‍ ചിത്രം തിയറ്ററുകളിലെത്തും.
ചിത്രീകരണത്തിനു മുന്നോടിയായി നിര്‍മാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം യാഷ് കര്‍ണാടകയിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗീതുവിന്റെ ജീവിതപങ്കാളിയും സംവിധായകനുമായ രാജീവ് രവിയാണ് ടോക്‌സിക്കിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഒരു ഗ്യാങ്‌സ്റ്റര്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് വിവരം.