'ഇതും ചെന്നൈയിലാണോ അണ്ണാ?' വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ഫസ്റ്റ് ലുക്കിനെ താഴെ ആരാധകന്‍; മറുപടിയുമായി വിനീത്

അതേസമയം ഫസ്റ്റ് ലുക്ക് പോസ്റ്ററിനു താഴെ വന്ന രസകരമായ കമന്റിനു വിനീത് മറുപടി നല്‍കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (19:48 IST)

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' അടുത്ത വര്‍ഷം ഏപ്രിലില്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ട് വിനീത് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. തമിഴ് സൂപ്പര്‍താരം എംജിആറിന്റെ ആരാധകരായാണ് പ്രണവും ധ്യാനും ചിത്രത്തില്‍ അഭിനയിക്കുന്നത്. എംജിആറിന്റെ കൂറ്റന്‍ കട്ടൗട്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാം.

അതേസമയം ഫസ്റ്റ് ലുക്ക് പോസ്റ്ററിനു താഴെ വന്ന രസകരമായ കമന്റിനു വിനീത് മറുപടി നല്‍കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ഇതും ചെന്നൈയിലാണോ അണ്ണാ?' എന്നാണ് ഒരാളുടെ കമന്റ്. അതിനു മറുപടിയായി ചിരിച്ചുകൊണ്ട് 'അതെ' എന്നാണ് വിനീത് പറഞ്ഞത്. ചെന്നൈ പശ്ചാത്തലമാക്കി സിനിമ ചെയ്യാന്‍ ഏറെ താല്‍പര്യമുള്ള സംവിധായകനാണ് വിനീത്.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിര്‍മാണം വൈശാഖ് സുബ്രഹ്‌മണ്യം. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ വിനീത് ശ്രീനിവാസനൊപ്പം സൂപ്പര്‍താരം നിവിന്‍ പോളിയും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :