കരയുകയായിരുന്നു ബ്ലെസി,പത്തുവര്‍ഷങ്ങളായി ഒരു സിനിമയ്ക്ക് മാത്രമായി പണിയെടുക്കുകയായിരുന്നു, 'ആടുജീവിതം'ലെ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (15:11 IST)
ആടുജീവിതം സിനിമയ്ക്ക് വേണ്ടി 31 കിലോ ശരീരഭാരം പൃഥ്വിരാജ് കുറച്ചു. ഷൂട്ടിംഗ് അനുഭവവും ചിത്രത്തിന്റെ പൂര്‍ത്തീകരണ വേളയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിനിടയില്‍ പൃഥ്വിരാജ് തുറന്നു പറഞ്ഞിരുന്നു.

2008 ആയിരുന്നു ആടുജീതം സിനിമ ചെയ്യാന്‍ പൃഥ്വിരാജ് സംവിധായകന്‍ ബ്ലെസിയും തീരുമാനിച്ചത്. 10 വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ലാണ് ചിത്രീകരണം ആരംഭിച്ചത്. മലയാളം സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാളായിരുന്നു 2008 ല്‍ ബ്ലെസി എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയ്ക്കായി കൊതിച്ചിരുന്ന കാലം. ആ സമയത്താണ് ആടുജീവിതം പൃഥ്വിരാജും ബ്ലെസിയും പ്ലാന്‍ ചെയ്തത്. സിനിമയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച ചിലവാണ് അത്രയും വര്‍ഷത്തെ കാലതാമസത്തിന് പിന്നില്‍ എന്ന് പൃഥ്വിരാജ് പറഞ്ഞു. 2018ല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ബ്ലെസി കരഞ്ഞുപോയെന്ന് പൃഥ്വിരാജ് പറയുന്നു.

'2018ല്‍ ആടുജീവിതം ഷൂട്ടിംഗ് തുടങ്ങി. ആദ്യദിവസത്തെ ഷൂട്ടിങ്ങില്‍ ആദ്യ ഷോട്ട് എടുക്കുന്നതിന് തൊട്ടുമുമ്പ് ബ്ലെസി എന്റെ അടുത്തു വന്നു. എന്നെ ആശ്ലേഷിച്ച ശേഷം 10 മിനിറ്റോളം അദ്ദേഹം കരയുകയായിരുന്നു. അന്നെനിക്ക് മനസ്സിലായ കാര്യം ആ മനുഷ്യന്‍ പത്തുവര്‍ഷങ്ങളായി ഒരു സിനിമയ്ക്ക് മാത്രമായി പണിയെടുക്കുകയായിരുന്നു എന്നതാണ്. ഞാന്‍ മറ്റു സിനിമകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. എന്റെ വഴികളിലൂടെ സിനിമയില്‍ തുടരുന്നതിനിടയില്‍ ആയിരുന്നു അദ്ദേഹം 10 വര്‍ഷം ഇതിനു മാത്രമായി അര്‍പ്പിച്ചത്',-പൃഥ്വിരാജ് പറഞ്ഞു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :