കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 മെയ് 2024 (12:13 IST)
മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകയായ റത്തീന ഷര്‍ഷാദ് ഒരുക്കിയ 'പുഴു' ഒടിടിയിലാണ് റിലീസ് ചെയ്തത്. മേക്കിങ് കൊണ്ടും മമ്മൂട്ടിയുടെ പ്രകടനം കൊണ്ടും ശ്രദ്ധ നേടിയ പുഴു എന്ന സിനിമയ്ക്ക് പിന്നില്‍ നടന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ്.റത്തീനയുടെ സിനിമയില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വാക്കുക കൊടുത്തിരുന്നു. എന്നാല്‍ നേരത്തെ റത്തീന സംവിധാനം ചെയ്യാന്‍ ഉറപ്പിച്ച ചിത്രം മാറ്റിവെച്ചാണ് മമ്മൂട്ടിയുടെ പുഴു ചെയ്തത്. ഇക്കാര്യം മുഹമ്മദ് ഷര്‍ഷാദ് തന്നെയാണ് പറയുന്നത്.
'റത്തീനയുടെ സിനിമ കഥയൊക്കെ കേട്ട് അംഗീകരിച്ചതാണ്. എന്നാല്‍ സമയമായപ്പോള്‍ മറ്റൊരു സിനിമ ചെയ്യണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതാണ് 'പുഴു'. അതിന്റെ കഥ, ഹിന്ദുക്കളിലെ സവര്‍ണ- അവര്‍ണ പ്രശ്‌നം അവതരിപ്പിക്കുന്നതാണ്. ഈ സിനിമ ചെയ്യാന്‍ നിശ്ചയിച്ചത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ 'ഉണ്ട' എന്ന സിനിമ സംവിധാനം ചെയ്ത അര്‍ഷാദ്, വൈറസ് സിനിമയുടെ തിരക്കഥ തയാറാക്കിയ ഷറഫ്, സുഹാസ് തുടങ്ങിയവരാണ് ഒരുക്കിയത്. സംവിധാനമായിരുന്നു റത്തീന.
ഇങ്ങനെയൊരു സിനിമ, ഒരു പക്ഷത്തെ വിമര്‍ശിക്കുന്നത് ആദ്യ സിനിമയായി ചെയ്യുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ടായി. ഞാന്‍ അത് പറഞ്ഞു. പക്ഷേ മമ്മൂട്ടിയുടെ നിലപാടിനൊപ്പം റത്തീന നിന്നു',-എന്നാണ് ഷര്‍ഷാദ് പറയുന്നത്. പുഴു സിനിമയുടെ കഥ കേട്ടപ്പോള്‍ ആദ്യത്തെ നിര്‍മ്മാതാക്കള്‍ പിന്മാറിയെന്നും പിന്നീടാണ് മമ്മൂട്ടിയുടെ സെക്രട്ടറിയായി ജോര്‍ജ് നിര്‍മ്മാതാവായത്. ജോര്‍ജിന്റെ പേരില്‍ പണം മുടക്കിയത് ലണ്ടന്‍ വ്യവസായിയും ഇടനിലക്കാരനുമായ സുരേഷ് കൃഷ്ണയാണ്.