കെ ആര്‍ അനൂപ്|
Last Modified ശനി, 25 മെയ് 2024 (18:04 IST)
പ്രായ വ്യത്യാസം ഇല്ലാതെ മലയാളികള്‍ ഇപ്പോള്‍ പറയുന്നത് ഞങ്ങളുടെ പഴയ ആക്ഷന്‍ ഹീറോ തിരിച്ചെത്തി എന്നതാണ്. പറഞ്ഞുവരുന്നത് ബാബു ആന്റണിയെ കുറിച്ച് തന്നെയാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ബിഗ് സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷനായ നടന്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു ആ പഴയ ഊര്‍ജ്ജത്തോടെ. കഴിഞ്ഞ ഓണക്കാലത്ത് പുറത്തിറങ്ങിയ ആര്‍ഡിഎസ് എന്ന സിനിമ കണ്ടവര്‍ ബാബു ആന്റണിയുടെ പ്രകടനം മറന്നു കാണില്ല. മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സിനിമയില്‍ സജീവമാകുകയാണ്. നടന്‍ പോലീസ് യൂണിഫോമില്‍ എത്തുന്ന പുതിയ ചിത്രം റിലീസിന് എത്തുന്നു. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്‌സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എ ആണ് വരാനിരിക്കുന്നത്.ജൂണ്‍ 14നാണ് റിലീസ്.
കൊച്ചി, പീരുമേട്, മുരുഡേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. 130 ദിവസത്തോളം എടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.തീര്‍ന്നില്ല ബാബു ആന്റണി ആരാധകരെ തൃപ്തിപ്പെടുത്തുന്ന അര ഡസനോളം വരുന്ന ആക്ഷന്‍ രംഗങ്ങളും സിനിമയിലുണ്ട്.
വളരെ ക്രൂരമായി നടന്ന ഒരു കൊലപാതകവും അതിന് പിന്നിലെ സംഭവങ്ങളും കണ്ടെത്താന്‍ ശ്രമിക്കുന്ന പോലീസുകാരും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളും ആക്ഷന്‍ രംഗങ്ങളും അടങ്ങിയതാണ് സിനിമ. സന്തോഷിന്റേതാണ് തിരക്കഥ. വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിലേക്ക് നടി ലക്ഷ്മി റായി തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.
20 ദിവസത്തോളം ചെന്നൈയില്‍ ആയിരുന്നു അവസാനം ചിത്രീകരിച്ചത്. ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം പോലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ് പറയുന്നത്.
യുവ നടന്‍ അഷ്‌ക്കര്‍ സൌദാന്‍ ആണ് നായകന്‍.ഇനിയ, ഹന്ന റെജി കോശി, ബാബു ആന്റണി, ഇര്‍ഷാദ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സ്വാസിക, ഇടവേള ബാബു, റിയാസ് ഖാന്‍, ഗൗരി നന്ദ, രവീന്ദ്രന്‍ സെന്തില്‍, പൊന്‍വണ്ണന്‍, കുഞ്ചന്‍, കൃഷ്ണ, ഡ്രാക്കുള സുധീര്‍, അമീര്‍ നിയാസ്, കിരണ്‍ രാജ്, രാജ സാഹിബ് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.