'തന്മാത്രയിലെ ആ ഡയലോഗ് എന്റെ ജീവിതത്തില്‍ നിന്ന്'; വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്നു പറഞ്ഞ് ബ്ലെസ്സി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 മെയ് 2024 (13:04 IST)
കാഴ്ച, തന്മാത്ര, പളുങ്ക്, ഭ്രമരം, ആടുജീവിതം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരെ മറ്റൊരു ചലച്ചിത്ര ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ സംവിധായകനാണ് ബ്ലെസ്സി. മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ നടന്മാരെ വേണ്ടവിധം ഉപയോഗിച്ച സംവിധായകനാണ് അദ്ദേഹം. തന്മാത്ര സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ എന്ന കഥാപാത്രം അത്ര പെട്ടെന്നൊന്നും സിനിമ കണ്ടവര്‍ക്ക് മറക്കാനാവില്ല. നടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്ന്. ഇപ്പോഴിതാ തന്മാത്ര സിനിമയിലെ രമേശന്‍ കഥാപാത്രം പറഞ്ഞ പല ഡയലോഗുകളും തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് എഴുതിയതാണെന്ന് ബ്ലെസ്സി പറയുന്നു.

'തന്മാത്രയിലെ ഒരു കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. നല്ലൊരു ഇഞ്ചി കറി കൂട്ടുമ്പോള്‍ എന്റെ അമ്മയെ ഓര്‍ത്ത് എന്റെ കണ്ണ് നിറയുമെന്ന് അത് എന്റെ അനുഭവം തന്നെയാണ്. എന്റെ അമ്മ നന്നായിട്ട് ഇഞ്ചി കറി വെക്കുന്ന ഒരാളായിരുന്നു. ഇപ്പോഴും അതിന്റെ രുചിയും മണവും എല്ലാം ഞാന്‍ റിലേറ്റ് ചെയ്യുന്നത് അമ്മയുമായിട്ടാണ്.

ഒരു യാത്ര പോകുന്ന ഒരാളുടെ ഒരുക്കമുണ്ട്. ആ ഒരുക്കത്തോടൊപ്പം ഹോള്‍ഡ് ചെയ്യുന്ന ഒരു ഓരോ അനുഭവമുണ്ട്. എല്ലാ കാര്യങ്ങളിലും അതുണ്ട്. ആ ഇമോഷന്‍സ് പെട്ടെന്ന് ഒരു ദിവസം കൊണ്ട് തീര്‍ന്നു പോകുന്നതല്ല.

അത് ഉണ്ടാവുമ്പോഴാണ് സിനിമയ്ക്ക് ഒരു കാല്പനികതയും നാടകീയമായ രീതിയില്‍ ഒരു വേദനയും എല്ലാം ഉണ്ടാവുന്നത്',- ബ്ലെസ്സി പറഞ്ഞു

ആടുജീവിതത്തിനുശേഷം ബ്ലസി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ഏതായിരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ നായകനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.തന്മാത്ര, ഭ്രമരം, പ്രണയം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍-ബ്ലെസ്സി കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി വരുന്നു.

സിനിമയുടെ ജോലികള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. പ്രണയം എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിച്ച പി കെ സജീവ്, ആനി സജീവ് എന്നിവര്‍ ചേര്‍ന്ന് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറിലാണ് പുതിയ സിനിമ നിര്‍മ്മിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :