പെണ്ണിന് കുട്ടികള്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല, ഞാന്‍ അണ്ഡോത്പാദനശേഷി മരവിപ്പിച്ചു; തുറന്നുപറഞ്ഞ് നടി

രേണുക വേണു| Last Modified ചൊവ്വ, 6 ജൂലൈ 2021 (13:08 IST)

തന്റെ ഗര്‍ഭം ധരിക്കാനുള്ള ശേഷി ശസ്ത്രക്രിയയിലൂടെ ഇല്ലാതാക്കിയെന്ന് നടി തനിഷാ മുഖര്‍ജി. 39-ാം വയസ്സിലാണ് താന്‍ അണ്ഡോത്പാദനശേഷി മരവിപ്പിച്ചതെന്ന് തനിഷാ പറഞ്ഞു. ഗര്‍ഭം ധരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കി.

'അണ്ഡാശയത്തില്‍ മുട്ടകള്‍ ഉത്പാദിപ്പിക്കുന്ന ശേഷി ഇല്ലാതാക്കാന്‍ 33-ാം വയസ്സില്‍ തന്നെ ഞാന്‍ ആലോചിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഞാന്‍ ഡോക്ടറെ സമീപിച്ചു. എന്നാല്‍, ഗര്‍ഭം ധരിക്കാനുള്ള എല്ലാ പ്രതീക്ഷകളും ഇല്ലാതാകുന്ന സമയത്ത് മാത്രം ഇത് ചെയ്താല്‍ മതിയെന്നാണ് അന്ന് ഡോക്ടര്‍ ഉപദേശം നല്‍കിയത്. ഒടുവില്‍ 39-ാം വയസ്സില്‍ അതേ ഡോക്ടറുടെ സഹായത്തോടെ തന്നെ ഞാന്‍ അണ്ഡോത്പാദനശേഷി മരവിപ്പിച്ചു,' താരം പറഞ്ഞു.

'എനിക്ക് ഗര്‍ഭിണികളായ സ്ത്രീകളെ ഇഷ്ടമാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള ഒരുക്ക സമയത്ത് അവര്‍ ഏറ്റവും സുന്ദരികളായും സന്തുഷ്ടരായും കാണപ്പെടുന്നു. പക്ഷേ, വ്യക്തിപരമായി എനിക്ക് ഗര്‍ഭം ധരിക്കാന്‍ താല്‍പര്യമില്ല. അണ്ഡോത്പാദനശേഷി ഇല്ലാതാക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു. ഇതെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്. ഗര്‍ഭം ധരിക്കേണ്ട എന്നാണ് ഇപ്പോള്‍ തീരുമാനം. ഗര്‍ഭം ധരിക്കാതെ തന്നെ കുഞ്ഞുങ്ങളെ ദത്തെടുക്കാമല്ലോ? ഈ ലോകത്ത് അനാഥരായ ഒരുപാട് കുഞ്ഞുങ്ങളുണ്ട്. പെണ്ണിന് കുട്ടികള്‍ വേണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല. ഗര്‍ഭം ധരിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുക മാത്രമല്ല സ്ത്രീകളുടെ ജീവിതത്തിലെ പ്രധാന കാര്യം. വിവാഹം കഴിക്കുന്നതും ഒരു പ്രണയമുണ്ടാകുന്നതും പോലുമല്ല പെണ്‍കുട്ടികളുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍,' തനിഷാ മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :