അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2024 (11:08 IST)
മലയാള സിനിമയില്‍ ഉയര്‍ന്നുവരുന്ന മീടു ആരോപണങ്ങളെ സംബന്ധിച്ച ചോദ്യങ്ങളോട് കയര്‍ത്ത് സംസാരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമയില്‍ മോശം അനുഭവമുണ്ടായി എന്ന സ്ത്രീകളുടെ ആരോപണങ്ങള്‍ വരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പിലാണ് സുരേഷ് ഗോപി സ്വരം കടുപ്പിച്ച് സംസാരിച്ചത്.
മാധ്യമങ്ങള്‍ക്കുള്ള തീറ്റയാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍. നിങ്ങള്‍ ഇതുവെച്ച് കാശുണ്ടാക്കിക്കോളു. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ്. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥ തെറ്റിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞാണ് വരുന്നതെന്നും അമ്മ സംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അമ്മ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോഴാണ് ചോദിക്കേണ്ടതെന്നും ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ ഓഫീസിലെ കാര്യവും വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വീട്ടിലെ കാര്യവും ചോദിക്കണമെന്ന വിചിത്രമായ ന്യായവും സുരേഷ് ഗോപി പറഞ്ഞു. നിങ്ങളല്ലല്ലോ കോടതി. കോടതി ഈ വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും ഉയര്‍ന്നുവന്നതെല്ലാം ആരോപണങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞു.