രേണുക വേണു|
Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (10:47 IST)
മകള്‍ ലക്ഷ്മിയുടെ മരണത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ നടന്‍ സുരേഷ് ഗോപി വിതുമ്പി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ഓരോ മലയാളിയുടേയും നെഞ്ച് തകര്‍ക്കുന്നത്. തനിക്ക് ലക്ഷ്മി ആരായിരുന്നെന്നും മകളുടെ മരണം എത്രത്തോളം തന്നെ തളര്‍ത്തിയെന്നും സുരേഷ് ഗോപി ഈ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അതിനിടയിലാണ് സുരേഷ് ഗോപിയുടെ മകളുടെ മരണത്തെ കുറിച്ചുള്ള പഴയൊരു വാര്‍ത്ത പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും ആദ്യമുണ്ടായ കുഞ്ഞാണ് ലക്ഷ്മി. ഒന്നര വയസ്സുള്ളപ്പോള്‍ ആണ് ലക്ഷ്മി അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇതേ കുറിച്ച് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ വെച്ച് സുരേഷ് ഗോപി തുറന്നുപറഞ്ഞിട്ടുണ്ട്.
ഒരു വിവാഹം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് രാധിക അടക്കം സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ഈ അപകടത്തിലാണ് ലക്ഷ്മിയുടെ ജീവന്‍ നഷ്ടമായത്. 1992 ജൂണ്‍ ആറിനായിരുന്നു സംഭവം.
നടന്‍ ഇന്ദ്രന്‍സ് വസ്ത്രാലങ്കാരകനായി പ്രവര്‍ത്തിച്ചിരുന്ന കാലമായിരുന്നു അത്. സുരേഷ് ഉണ്ണിത്താന്‍ ചിത്രം ഉത്സവമേളത്തില്‍ സുരേഷ് ഗോപിക്കൊപ്പം ഇന്ദ്രന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ കളര്‍ഫുള്‍ ആയ വസ്ത്രങ്ങളാണ് ആ ചിത്രത്തില്‍ ഇന്ദ്രന്‍സ് തനിക്ക് വേണ്ടി തയ്യാറാക്കിയതെന്ന് സുരേഷ് ഗോപി പറയുന്നു. ഒരു രംഗത്തില്‍ മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ആ മഞ്ഞ ഷര്‍ട്ടിനോട് തനിക്ക് വല്ലാതെ ഇഷ്ടം തോന്നിയെന്നും ഷൂട്ടിങ് കഴിഞ്ഞ് ആ ഷര്‍ട്ട് തനിക്ക് തരണമെന്ന് ഇന്ദ്രന്‍സിനോട് ആവശ്യപ്പെട്ടെന്നും സുരേഷ് ഗോപി പറയുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ആ ഷര്‍ട്ട് ഇന്ദ്രന്‍സ് സുരേഷ് ഗോപിക്ക് നല്‍കി. അത് ഇടയ്ക്കിടെ ഇടാറുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.
1992 ജൂണ്‍ ആറിന് ഒരു കല്യാണമുണ്ടായിരുന്നു. അതിനുശേഷം ഭാര്യയേയും മകള്‍ ലക്ഷ്മിയേയും സുരേഷ് ഗോപി തന്റെ അനിയന്റെ കൂടെ പറഞ്ഞയച്ചു. അന്ന് മകള്‍ അപകടത്തില്‍ പെടുമ്പോള്‍ താന്‍ ഇട്ടിരുന്നത് ഇന്ദ്രന്‍സ് തന്ന മഞ്ഞ ഷര്‍ട്ടായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.
' അപകടമറിഞ്ഞ് എത്തി ആശുപത്രിയില്‍ എന്റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പില്‍ കുതിര്‍ന്ന ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയര്‍പ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാന്‍ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുന്‍പ്, വിയര്‍പ്പില്‍ കുതിര്‍ന്ന ആ മഞ്ഞ ഷര്‍ട്ട് ഊരി അവളെ ഞാന്‍ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹം,' സുരേഷ് ഗോപി പറഞ്ഞു.