കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 23 ജനുവരി 2023 (17:23 IST)
'എടാ ആരുടെയും റെക്കമെന്റേഷന്‍ ഇല്ലാതെയാ ഞാനും വന്നത്'.ആരാധകന് മാസ്സ് മറുപടി കൊടുത്ത് മമ്മൂക്ക. തന്റെ അനുഭവം പങ്കിട്ട് സംവിധായകന്‍ ശ്രീവല്ലഭന്‍. ബി. എഴുതിയ കുറിപ്പ് വൈറലാകുന്നു. തന്റെ മൂന്നാമത്തെ ചിത്രം 'ധരണി' യുടെ റിലീസിനോടനുബന്ധിച്ചെഴുതിയ കുറിപ്പാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സംവിധായകന്റെ വാക്കുകളിലേക്ക്.
ആരാധകനായി നടന്നിരുന്ന കാലത്ത് ഒരിക്കല്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു,' എനിക്ക് സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് ഒരു സംവിധായകന്റെയടുത്ത് ഒന്ന് റെക്കമെന്റ് ചെയ്യുമോ എന്ന്'. പെട്ടെന്ന് തന്നെ മറുപടിയും വന്നു. ' എടാ, ആരുടേയും റെക്കമെന്റേഷനില്ലാതെയാ ഞാന്‍ വന്നത്.. അതുകൊണ്ട് സിനിമയുടെ വിലയെന്താണെന്ന് എന്നും മനസിലാവും. നീ സ്വന്തമായി ശ്രമിക്ക്.. എന്നിട്ട് ഒരു നിലയിലെത്തിയിട്ട് വാ..'
ദൈവങ്ങള്‍ക്കൊപ്പം മനസ്സില്‍ പ്രതിഷ്ഠിച്ച മമ്മൂക്കയെപോലൊരാള്‍ അതു പറഞ്ഞപ്പോള്‍ ആകെ തകര്‍ന്നു പോയി ഞാന്‍. അതെന്നെ ഒരുപാട് വേദനിപ്പിച്ചു. പക്ഷെ, പിന്നീട് ആ വാക്കുകളാണ് എനിക്ക് പ്രചോദനമായത്..
സംവിധാനം പഠിക്കാന്‍ ചാന്‍സ് അന്വേഷിച്ച് ഒരുപാടലഞ്ഞു.. വര്‍ഷങ്ങളോളം.. പിന്നീട് ഷാര്‍വി സാറിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അസോസിയേറ്റ് ഡയറക്ടറായി.
സ്വതന്ത്രസംവിധായകനാകാന്‍ അവസരം വന്നപ്പോള്‍ ആദ്യം തെളിഞ്ഞതും മമ്മൂക്കയുടെ മുഖമാണ്. മമ്മൂക്കയുടെ ജീവിതം ആധാരമാക്കി ' സ്‌നേഹപൂര്‍വ്വം മമ്മൂട്ടിക്ക്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യ്തുകൊണ്ടായിരുന്നു എന്റെ ആദ്യ ചുവടുവെയ്പ് .
പിന്നീടവിടുന്ന് ഇങ്ങോട്ട് ഞാന്‍ സംവിധാനം ചെയ്ത നാലു സിനിമകള്‍ക്കും സ്‌നേഹാശീര്‍വാദങ്ങോളൊടെ ഒപ്പം നിന്ന മമ്മൂക്കയ്ക്ക് ഒരായിരം നന്ദി.!
എന്റെ നാലാമത്തെ ചിത്രമായ ' ധരണി' ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്.ശ്രീവല്ലഭന്‍ എഴുതി.