'സ്ഫടികം' റിലീസിനു ശേഷം ഇന്നു വരെ പൂര്‍ണമായി ചിത്രം കണ്ടിട്ടില്ല:ഭദ്രന്‍
കെ ആര്‍ അനൂപ്|
Last Modified ശനി, 9 ഏപ്രില്‍ 2022 (17:04 IST)
സ്ഫടികം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പൂര്‍ത്തിയാകുന്നു.റിലീസിനു ശേഷം ഇന്നു വരെ പൂര്‍ണമായി ചിത്രം കണ്ടിട്ടില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. അതിനൊരു കാരണമുണ്ട്, അത് വെളിപ്പെടുത്തിയിരിക്കുകയാണ് ഭദ്രന്‍
ഭദ്രന്റെ വാക്കുകള്‍
സ്ഫടികം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പൂര്‍ത്തിയായ അന്ന് ഞാന്‍ ഒരു പോസ്റ്റ് ഇടുകയുണ്ടായി.
ആ ചലച്ചിത്രത്തെ വാനോളം സ്‌നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകര്‍, മനുഷ്യരുടെ പിറന്നാള്‍ ഘോഷിക്കും പോലെ ഈ ചിത്രത്തിന്റെ പിറവിയും കൊണ്ടാടുന്നു. അനേകരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഞാന്‍ കാണുകയുണ്ടായി.
അതില്‍ ഒരു വിരുതന്റെ പോസ്റ്റ് വളരെ രസാവഹമായി തോന്നി.
'പശു ചത്തിട്ടും മോരിന്റെ പുളിപ്പ് തീരുന്നില്ലല്ലേ, ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ? '
ആ സഹോദരന്റെ അഭിപ്രായം വളരെ സത്യസന്ധമാണ്. അത് ഞാന്‍ അറിയാതെ ആണ് എന്ന് അയാള്‍ കണക്കുകൂട്ടിയെങ്കില്‍ തെറ്റി.
സ്ഫടികം സിനിമയെ കുറിച്ച് വാചാലം ആകാന്‍ ഞാന്‍ ഒരിക്കലും മെനകെട്ടിട്ടില്ല എന്നത് സത്യമായിയിരിക്കേ, റിലീസിനു ശേഷം ഞാന്‍ ആ ചിത്രം ഇന്നു വരെ പൂര്‍ണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
അത് കാണാന്‍ ആഗ്രഹിക്കാത്തതിന്റെ കാരണം, ഒരു പിഴവുകളും ഇല്ല എന്ന് ആരാധകര്‍ മുക്തകണ്ഠം വിലയിരുത്തുമ്പോഴും ഞാന്‍ അന്ന് കാണാതെ പോയ പിഴവുകള്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന സത്യം ആരാധകര്‍ മനസിലാക്കുക.
ഈ സിനിമ ഒരിക്കല്‍ക്കൂടി റീലോഡ് ചെയുന്നതിന്റെ ഉദ്ദേശ്യം തന്നെ ബിഗ് സ്‌ക്രീനില്‍ കാണാത്ത പതിനായിരകണക്കിന് ആള്‍ക്കാരുടെ കത്തുകളും റിക്വസ്റ്റുകളും കണ്ടും കേട്ടും ഉണ്ടായ പ്രചോദനം ആണെന്ന് കൂട്ടിക്കോളൂ.
അതിനെ ഇപ്പോഴത്തെ പുതിയ സാങ്കേതിക മികവോടെ കൊണ്ടുവരുക എന്നത് Its not a Joke! One has to spend lot of money and effort. ഇനി വരും തലമുറയ്ക്കുകൂടി വേണ്ടിയുള്ള ഒരു കരുതിവെക്കല്‍ കൂടി ആണ് ഈ ഉദ്യമം. 'എന്റെ ഉപ്പൂപ്പാടെ കാലത്തെ ചക്കരമാവിന്‍ ചുവട് ഇളക്കി ആട്ടുങ്കാട്ടം കോരി വയറുനിറയെ ഇപ്പോഴും കൊടുക്കുന്നത് വരും തലമുറക്ക് അതിന്റെ ഫലങ്ങള്‍ കണികാണാന്‍ കൂടിയാണ്.... '