മലയാളത്തിൻ്റെ പ്രിയ ഗായിക സുജാതയ്ക്ക് അറുപതിൻ്റെ ചെറുപ്പം

അഭിറാം മനോഹർ| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (13:28 IST)
മലയാളികളുടെ പ്രിയ സുജാതയ്ക്ക് ഇന്ന് 60 വയസ്സ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള സുജാത നീണ്ട 48 കൊല്ലങ്ങളായി സിനിമ പിന്നണിഗാന രംഗത്ത് സജീവമാണ്. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ സുജാതയുടെ കസിൻസായ രാധിക തിലക്, ഗി വേണുഗോപാൽ എന്നിവരും ഗായകരാണ്. മകൾ ശ്വേതാ മോഹനും ഇന്ന് തെന്നിന്ത്യയിലെ തിളങ്ങുന്ന ഗായികയാണ്.

വളരെ ചെറുപ്പത്തിൽ തന്നെ കെ ജെ യേശുദാസിനൊപ്പം വേദികളിൽ പ്രത്യക്ഷപ്പെട്ട ബേബി സുജാത ആറാം ക്ലാസിൽ പഠിക്കവെ തന്നെ പിന്നണിഗാന രംഗത്തേക്ക് ഇറങ്ങി.1975ൽ ഇറങ്ങിയ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലെ ചിത്രത്തിനായിരുന്നു ആദ്യമായി പഗാനം ആലപിച്ചത്. തമിഴിൽ 1977ൽ പുറത്തിറങ്ങിയ കാവികുയിൽ എന്ന സിനിമയിലൂടെയും സുജാത അരങ്ങേറി.

എന്നാൽ ഗായത്രി എന്ന സിനിമയിൽ ഇളയരാജ സംഗീതം നൽകിയ കാലൈ പനിയിൽ എന്ന ഗാനമാണ് തമിഴിൽ ആദ്യം പുറത്തുവന്നത്. ശ്രീദേവി,രജനീകാന്ത് എന്നിവരായിരുന്നു ഇതിലെ നായികനായകന്മാർ. വിവാഹത്തിന് ശേഷം പിന്നണിഗാനരംഗത്ത് നിന്ന് മാറിനിന്ന സുജാത ഒരു ഇടവേളയ്ക്ക് ശെഷം 1988ൽ കടത്തനാടൻ അമ്പാടി എന്ന സിനിമയിലൂടെയാണ് വീണ്ടും പിന്നണിഗാനരംഗത്ത് സജീവമായത്.

1980കളിൽ എ ആർ റഹ്മാനായി ജിംഗിളുകൾ പാടിയിരുന്ന സുജാത വൈകാതെ റഹ്മാൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായികമാരിൽ ഒരാളായി. 1992ൽ പുറത്തിറങ്ങിയ റോജയിലെ പുതു വെള്ളൈ മഴൈ എന്ന ഗാനം ഇന്ത്യയെങ്ങും തരംഗമായി. തുടർന്ന് ജെൻ്റിൽമാൻ, ജീൻസ്, മിൻസാരകനവ് തുടങ്ങി തെന്നിന്ത്യൻ സിനിമകളിലും പുകാഎ,എർത്ത്,താൽ തുടങ്ങിയ ബോളിവുഡ് സിനിമകളിലും എ ആർ റഹ്മാനായി ഗാനങ്ങൾ ആലപിച്ചു.

മലയാളത്തിൽ വിദ്യാസാഗറിനൊപ്പമാണ് സുജാത കൂടുതൽ ഹിറ്റ് ഗാനങ്ങൾ നൽകിയത്. 90കളിൽ വിദ്യാസാഗർ-സുജാത കൂട്ടുക്കെട്ടിൽ വന്ന ഗാനങ്ങൾ ഏറെയും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി.3 തവണ കേരളത്തിലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും 3 തവണ തമിഴ്‌നാട്ടിലെ മികച്ച ഗായികയ്ക്കുള്ള അവാർഡും സുജാത കരസ്ഥമാക്കിയിട്ടുണ്ട്. അറുപതാം വയസ്സിലും സംഗീതരംഗത്ത് ഇന്നും സജീവമാണ് സുജാത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :