പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ആദിത്യന്‍ ഏറെ ആഗ്രഹിച്ചിരുന്നു; പ്രിയ സംവിധായകന്റെ മരണത്തില്‍ വിറങ്ങലിച്ച് കുടുംബ പ്രേക്ഷകര്‍

സാന്ത്വനം സെറ്റിലേക്ക് ഇനി ആദിത്യന്‍ എത്തില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരുപാട് സമയം വേണ്ടിവരും

രേണുക വേണു| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2023 (11:14 IST)

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'സാന്ത്വനം'. തമിഴ് സീരിയലിന്റെ റിമേക്ക് ആണെങ്കിലും മലയാളത്തിലേക്ക് എത്തിച്ചപ്പോള്‍ 'സാന്ത്വനം' സൂപ്പര്‍ഹിറ്റായി. അതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന്‍ ആദിത്യന് അര്‍ഹതപ്പെട്ടതാണ്. വന്‍ വിജയമായി മുന്നേറുന്ന 'സാന്ത്വന'ത്തിന്റെ ക്ലാപ്പ് ബോര്‍ഡിനു പിന്നില്‍ ഇനി ആദിത്യന്‍ ഇല്ലെന്ന വാര്‍ത്ത മലയാളികളെ ഏറെ വേദനിപ്പിക്കും. 47-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആദിത്യന്‍ മരണത്തിനു കീഴടങ്ങിയത്.

സാന്ത്വനം സെറ്റിലേക്ക് ഇനി ആദിത്യന്‍ എത്തില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരുപാട് സമയം വേണ്ടിവരും. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആദിത്യന്റെ മരണം സംഭവിച്ചിരുന്നു. ഭാര്യയേയും രണ്ട് മക്കളേയും തനിച്ചാക്കിയാണ് ആദിത്യന്റെ വിടവാങ്ങല്‍.

ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം പിന്നീട്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന്‍ ഏറെക്കാലമായി തിരുവനന്തപുരം പേയാട് ആയിരുന്നു താമസം. തിരുവനന്തപുരം തിരുമലയില്‍ സ്വന്തമായി വീട് പണികഴിപ്പിക്കുന്ന തിരക്കിലായിരുന്നു ആദിത്യന്‍. പുതിയ വീട്ടില്‍ താമസിക്കുകയെന്ന വലിയൊരു സ്വപ്‌നം അവശേഷിപ്പിച്ചാണ് ആദിത്യന്‍ മടങ്ങിയിരിക്കുന്നത്. വാനമ്പാടി, ആകാശദൂത് എന്നീ ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ആദിത്യന്റെ മരണം മലയാള കുടുംബ പ്രേക്ഷകര്‍ക്ക് തീരാത്ത നഷ്ടമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :