വഴക്ക് മൂത്തു, ഒടുവിൽ റിലീസിന് മുൻപെ സ്വന്തം സിനിമ പുറത്തുവിട്ട് സനൽകുമാർ ശശിധരൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 മെയ് 2024 (13:05 IST)
ടൊവിനോ തോമസ് നായകനായ വഴക്ക് സിനിമയുടെ പ്രിവ്യൂ കോപ്പി വീഡിയോ ലിങ്ക് പുറത്തുവിട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വിമിയോയില്‍ അപ്ലോഡ് ചെയ്ത സിനിമയുടെ പ്രിവ്യൂ കോപ്പി ലിങ്കാണ് സനല്‍ കുമാര്‍ ശശിധരന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക് കാണണമെന്നുള്ളവര്‍ക്ക് കാണാം. എന്തുകൊണ്ട് സിനിമ പുറത്തുവരുന്നില്ലെന്ന് മനസിലാക്കേണ്ടവര്‍ക്ക് മനസിലാക്കാം. ലിങ്ക് പങ്കുവെച്ചുകൊണ്ട് സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


സനല്‍ കുമാറിന്റെ തന്നെ വിമിയോ അക്കൗണ്ടില്‍ 2 വര്‍ഷം മുന്‍പ് അപ്ലോഡ് ചെയ്ത ലിങ്കാണ് പുറത്തുവിട്ടിരിക്കുന്നത്. വഴക്ക സിനിമയുടെ ഒടിടി/ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് നേരത്തെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ടൊവിനോ തോമസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമയുടെ ഡിജിറ്റല്‍/തിയേറ്റര്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാവ് കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു സനല്‍കുമാറിന്റെ പരാതി.


സിനിമ പുറത്തിറങ്ങുന്നത് ഇമേജിനെ തകര്‍ക്കുമെന്ന് ടൊവിനോ ഭയപ്പെടുന്നുണ്ടെന്നും അതിനാലാണ് സിനിമ പുറത്തിറക്കാത്തതെന്നും സംവിധായകന്‍ ആരോപിച്ചിരുന്നു.എന്നാല്‍ സനല്‍കുമാറിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോയും രംഗത്ത് വന്നിരുന്നു. സംവിധായകന്റെ സോഷ്യല്‍ സ്റ്റാറ്റസ് മൂലമാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ നിരാകരിക്കുന്നതെന്നായിരുന്നു ടൊവിനോയുടെ മറുപടി. വഴക്ക് ഒരു നല്ല സിനിമയാണെന്നും താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടൊവിനോ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :