കൊവിഡ് വ്യാപനം: രാജമൗലി ചിത്രം ആർആർആർ റിലീസ് മാറ്റി

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ജനുവരി 2022 (11:48 IST)
'ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആർ റിലീസ് നീട്ടി. ജനുവരി 7നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണം ശക്തമാവുകയും തീയേറ്ററുകൾ അടച്ചിടാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്.
450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ദക്ഷിണേന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ആർആർആറിനുണ്ട്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :