രേണുക വേണു|
Last Modified വെള്ളി, 15 ഡിസംബര്‍ 2023 (10:09 IST)
സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയേക്കും. ഐഎഫ്എഫ്‌കെയോടു അനുബന്ധിച്ച് നല്‍കിയ അഭിമുഖങ്ങളിലെ വിവാദ പരാമര്‍ശങ്ങളാണ് രഞ്ജിത്തിനു തിരിച്ചടിയായത്. സംവിധായകന്‍ ഡോ.ബിജുവിനെതിരെ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. രഞ്ജിത്തിനോട് മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്.
ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ അടക്കം ഇപ്പോള്‍ രഞ്ജിത്തിനു എതിരാണ്. അസോസിയേഷനിലെ ഒന്‍പത് അംഗങ്ങള്‍ രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി സെക്രട്ടറി സി.അജോയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രഞ്ജിത്ത് അക്കാദമിക്കുള്ളില്‍ ഏകാധിപത്യം സ്ഥാപിക്കുകയാണെന്നാണ് മറ്റ് അംഗങ്ങളുടെ ആരോപണം. അക്കാദമി അംഗങ്ങള്‍ മന്ത്രി സജി ചെറിയാനോടും രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
രഞ്ജിത്തിന്റെ പല പരാമര്‍ശങ്ങളിലും മുഖ്യമന്ത്രി പിണറായി വിജനും നീരസമുണ്ട്. നല്ല നിലയ്ക്ക് പോകുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തെ വരെ രഞ്ജിത്തിന്റെ പരമാര്‍ശങ്ങള്‍ ബാധിച്ചു എന്നതാണ് മുഖ്യമന്ത്രിയുടെ നീരസത്തിനു കാരണം. അക്കാദമിയിലെ അംഗങ്ങള്‍ ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം സാംസ്‌കാരിക വകുപ്പ് ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ട്.